തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച ചങ്ങരംകുളം സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി ഗുരുതരമായി പൊള്ളലേറ്റ ഭർത്താവും മകനും ചികിത്സയിൽ

ചങ്ങരംകുളം:പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറത്ത് വാടക വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് മരിച്ച ചങ്ങരംകുളം പള്ളിക്കര സ്വദേശിയും പട്ടിത്തറയിൽ വാടകക്ക് താമസിച്ച് വരികയും ചെയ്തിരുന്ന അമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീന (37)ന്റെ മൃതദേഹം ഖബറടക്കം നടത്തി.വ്യാഴാഴ്ച വൈകുന്നേരത്തോടെ ചങ്ങരംകുളം കോക്കൂരിലെ ഷെറീനയുടെ വീട്ടിലും പിന്നീട് പള്ളിക്കരയിലെ അബ്ദു സമദിന്റെ വീട്ടിലും എത്തിച്ച മൃതദേഹം പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ വൻ ജനാവലിയോടെ സംസ്കരിച്ചു.ബുധനാഴ്ച്ച രാവിലെ ഏഴരയോടെയാണ് കുടുംബം വാടകക്ക് തൊമസിച്ച് വന്ന വീട്ടിൽ അപകടം ഉണ്ടായത്.തൃത്താല പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.പരിക്ക് പറ്റിയവരെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഷെറീന രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഗുരുതരമായി സമദും മകനും ചികിത്സയിലാണ് .തൃത്താലയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് അബ്ദുൽ സമദ്. നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്.അബ്ദുസമദിന് രണ്ട് മക്കളാണ് ഉള്ളത്. അബ്ദുസമദിന്റെ പ്രായമുള്ള ഉമ്മയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്.സിലിണ്ടർ ലീക്ക് ഉണ്ടായതുമൂലമുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം