24 June 2024 Monday

പി. ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

ckmnews

പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. അന്ത്യം 6.45ന് തൃശ്ശൂരിലെ വസതിയിൽ

തൃശൂർ∙ വിദ്യാഭ്യാസ വിചക്ഷണനും സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിന്റ് ഡയറക്ടറും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ആസൂത്രകനുമായ പി.ചിത്രൻ നമ്പൂതിരിപ്പാട് (104) അന്തരിച്ചു. ചെമ്പുക്കാവ് മ്യൂസിയം റോഡ് മുക്തിയിലായിരുന്നു താമസം.100 വയസ്സുവരെ തുടർച്ചയായി 30 വർഷം ഹിമാലയയാത്രകൾ നടത്തിയ ചിത്രൻ നമ്പൂതിരിപ്പാട് ലളിത ജീവിതത്തിന്റെ അടയാളമായിരുന്നു. 1947 ൽ തന്റെ നാടായ മൂക്കുതലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് അദ്ദേഹം ഒരു വിദ്യാലയം സ്ഥാപിച്ചു. എന്നാൽ പത്ത് വർഷത്തിന് ശേഷം ഇതേ വിദ്യാലയം വെറും ഒരു രൂപ വില മാത്രം കെെപ്പറ്റിക്കൊണ്ട് അദ്ദേഹം കേരള സർക്കാരിനു കൈമാറുകയായിരുന്നു.. വിരമിച്ച ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഉന്നതപദവികളും അദ്ദേഹം നിരസിച്ചു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ശില്പികളിൽ പ്രമുഖനാണ്. സർക്കാരിന്റെ എസ്.എസ്.എൽ.സി. ബോർഡംഗം, വിദ്യാഭ്യാസ ഉപദേശകസമിതിയംഗം, കേന്ദ്രസർക്കാരിന്റെ സെക്കൻഡറി വിദ്യാഭ്യാസ ഉപദേശക സമിതിയംഗം, കേരള കലാമണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1979-ൽ വിരമിച്ചു

പൊന്നാനി താലൂക്കിലെ  ചങ്ങരംകുളം മൂക്കുതലയിൽ ഒരു ഇല്ലത്ത് 1920 ജനുവരി ആറിനായിരുന്നു  പകരാവൂർ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം വേദവും സംസ്‌കൃതവും പഠിച്ചശേഷം തൃശൂർ സെന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. പഠിക്കുമ്പോൾ തന്നെ ഇടതുപക്ഷ വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ സെക്രട്ടറിയും കോളജ് യൂണിയൻ സ്‌പീക്കറുമായി. അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷന്റെ പ്രഥമ സമ്മേളനത്തിൽ   ഭാരവാഹിയായി.


മദ്രാസ് സർവകലാശാലയിൽനിന്ന് ധനശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കോഴിക്കോട്ട് സുകുമാർ അഴീക്കോടിന്റെ സഹപാഠിയായി അധ്യാപക പരിശീലനം പൂർത്തിയാക്കി. ഹ്രസ്വമായ കോളജ് അധ്യാപനത്തിനു ശേഷമാണ് തന്റെ പ്രദേശത്തെ പാവപ്പെട്ട വിദ്യാർഥികൾക്ക് അറിവു പകരാൻ മൂക്കുതലയിൽ സ്‌കൂൾ സ്‌ഥാപിക്കുന്നതിനു   മുൻകയ്യെടുത്തത്. 

1956-ല്‍ ഡല്‍ഹി ഇന്റര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന് കാഴ്ചക്കാരനായി പോയതാണ് സ്‌കൂള്‍കലോത്സവച്ചിന്തയ്ക്ക് വേരുനല്‍കിയത്. അന്ന് മൂക്കുതല സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ളവരെ തൃശ്ശൂര്‍ ജില്ലക്കാരനായിരുന്ന അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരയ്യര്‍ ആലോചനകള്‍ക്കായി വിളിച്ചു. ഇങ്ങനെയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ യുവോത്സവമായി മാറിയ കലോത്സവത്തിന്റെ ബീജാവാപം. പിന്നീടുള്ള വളര്‍ച്ചയിലേക്ക് കലോത്സവത്തെ കൈപിടിച്ച് ഉയര്‍ത്തിയതും ഇദ്ദേഹം ഉള്‍പ്പെട്ട സംഘമായിരുന്നു. ആഘോഷമാകുമ്പോള്‍ സദ്യവേണമെന്ന ആവശ്യം 1975-ല്‍ കലോത്സവസദ്യയ്ക്ക് വഴിതുറന്നു.


പെന്‍ഷന്‍കാര്‍ക്കുവേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തിയതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. അച്യുതമേനോനുമായി ഉണ്ടായിരുന്ന അടുപ്പം ഇതിന് സഹായകമായി. രാഷ്ട്രീയ-നിയമ തലങ്ങളിലുള്ള ശ്രമങ്ങള്‍മൂലം പലവിധമായിക്കിടന്ന പെന്‍ഷന്‍ രീതിക്ക് ഏകീകൃതസ്വഭാവം കൈവന്നു.

അദ്ദേഹത്തിന്റെ പതിനൊന്നാം വയസ്സിലാണ് ഐ.പി.സി.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ജന്മനാടായ മൂക്കുതലയിൽ പന്തിഭോജനം പദ്ധതിയിട്ടിരുന്നത്. ആദ്യഘട്ടത്തിൽ ആരും വരാൻ തയ്യാറായില്ല. നാട്ടിലെ സവർണർപോലും ഭയന്ന്‌ പിൻവാങ്ങിയ പദ്ധതിയുടെ ഭാ​ഗമാകാൻ അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.

പുണ്യഹിമാലയം (യാത്രാവിവരണം), സ്മരണകളിലെ പൂമുഖം (ആത്മകഥ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .

. പത്നി: ലീല, മക്കൾ: പാർവതി, കൃഷ്ണൻ, ബ്രഹ്മദത്തൻ, ഉഷ, ഗൗരി.