27 April 2024 Saturday

നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍ നിന്ന് ഫോണിലൂടെ അസഭ്യം പറയല്‍; കുന്നംകുളം മരത്തന്‍ കോട് സ്വദേശി അറസ്റ്റില്‍

ckmnews

കുന്നംകുളം: ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും  ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും, ജില്ലാ കലക്ടർ മാരെയും, രാഷ്ട്രീയ പ്രവർത്തകരെയും  നമ്പർ സ്പൂഫ് ചെയ്ത് അസഭ്യ വർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുന്നംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്മാൻ (29) ആണ് പൊലീസിന്റെ  പിടിയിലായത്. സൗദി അറേബ്യയിൽനിന്നാണ് ഇയാൾ വിളിച്ചിരുന്നത്.


സാമൂഹികമാധ്യമങ്ങളിൽ ‘മാർലി’ എന്നാണ് ഇയാളുടെ പേര്. വ്യാജനമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹ വിരുദ്ധപ്രവർത്തനങ്ങൾ പ്രചരിപ്പിക്കും. പരസ്പരം പോർവിളികളും തെറിവിളികളും നടത്തുന്ന സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽനിന്ന് തനിക്കും തന്റെ സുഹൃത്തുക്കൾക്കുമെതിരേ പോർവിളികൾ നടത്തുന്നവരുടെ നമ്പർ, പ്രത്യേക കോൾ  ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് ഈ നമ്പർ ഉപയോഗിച്ച് രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. 


നിരവധി വിദ്യാർഥികളെയും യുവാക്കളെയും  ഉൾപ്പെട്ടുത്തി വ്യാജ നമ്പറുകൾ  ഉപയോഗിച്ച്  വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിർമിച്ചാണ് ഇയാള്‍ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിച്ചിരുന്നത്.  സ്പൂഫ് ചെയ്ത് നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ റികോർഡ് ചെയ്ത് എതിരാളികൾക്ക് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബർ പോലിസിന് തന്നെ ഒരിക്കലും കണ്ടെത്താൻ    കഴിയില്ല എന്ന്  പ്രതി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും യൂറ്റൂബ് ഉൾപ്പെടെയുള്ള  സാമൂഹ്യ മാധ്യമങ്ങളിലൂടെയും  പ്രചരപ്പിച്ചിരിപ്പിച്ചിരിന്നു. നാലു മാസത്തോളം  പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.