26 April 2024 Friday

പൊന്നാനിയിൽ ദേശീയപതാക നിർമാണത്തിൽ സജീവമായി കുടുംബശ്രീ യൂണിറ്റുകൾ

ckmnews

പൊന്നാനി : ദേശീയപതാക നിർമാണത്തിൽ സജീവമായിരിക്കുകയാണ് താലൂക്കിലെ ഏതാനും കുടുംബശ്രീ യൂണിറ്റുകൾ . പതിനാറായിരത്തിലധികം പതാകകൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞു . പെരുമ്പടപ്പ് , പൊന്നാനി ബ്ലോക്കുകളിലായി അഞ്ചോളം യൂണിറ്റുകളിലായാണ് ഹർ ഘർ തിരംഗ കാമ്പയിനിന്റെ ഭാഗമായുള്ള പതാകനിർമാണം പുരോഗമിക്കുന്നത് . മാറഞ്ചേരിയിലെ സംസ്കൃതി ഓർഗാനിക് പാക്സ് , പാലപ്പെട്ടിയിലെ സ്റ്റിച്ചിങ് സ്റ്റെൽ , പൊന്നാനിയിലെ നിള ഗാർമെന്റ്സ് , ലാവന്റെർ , എക്കോ ഗ്രീൻ തുടങ്ങി യൂണിറ്റുകളിലായി 27 പേരടങ്ങുന്ന സംഘമാണ് പതാകനിർമാണത്തിലേർപ്പെട്ടിരിക്കുന്നത് .ഈമാസം ഒന്നിനാണ് പതാകനിർമാണം ആരംഭിച്ചത് . പ്രതിദിനം ആയിരത്തോളം പതാകകളാണ് വിവിധ യൂണിറ്റുകളിലായി നിർമിക്കുന്നതെന്ന് ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ടി.എസ് . വിദ്യ , വിൻസി എന്നിവർ പറഞ്ഞു.കോട്ടൺ , പോളി കോട്ടൺ എന്നിങ്ങനെ രണ്ടുതരം തുണികളിലാണ് പതാകകൾ നിർമിക്കുന്നത് . തിരുപ്പൂർ , തമിഴ്നാട്ടിലെ ഈറോഡ് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന തുണി വിവിധ അളവുകളിൽ തയ്ച്ചെടുത്ത് ഓരോ സ്ഥാപനങ്ങളിലേക്കുമായി കൊടുത്തയയ്ക്കുകയാണ് കുടുംബശ്രീ യൂണിറ്റുകൾ ചെയ്യുന്നത്.പതാകയൊന്നിന് 28 രൂപയാണ് വില . സ്കൂളുകൾ , പഞ്ചായത്ത് , സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച ഓർഡർ അനുസരിച്ചാണ് പതാകകൾ കൈമാറുക . ബുധനാഴ്ചയോടെ പതാകകളെല്ലാം വിതരണത്തിന് തയ്യാറാകും .