26 April 2024 Friday

വാരിയം കുന്നൻ സ്വാതന്ത്ര്യ സമര രക്തസാക്ഷിയല്ല: മാപ്പിള ലഹളയിൽ പങ്കെടുത്ത 200 ഓളം പേരെ രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ

ckmnews



ന്യൂൽഹി: വാരിയൻ കുന്നനെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള ശുപാർശയ്‌ക്ക് അംഗീകാരം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലാണ് അംഗീകാരം നൽകിയത്. വാരിയം കുന്നന് പുറമെ തിരൂരങ്ങാടിയിലെ ആലി മുസലിയാർ അടക്കം മാപ്പിള ലഹളയിൽ പങ്കെടുത്ത 200ഓളം പേരെയും രക്തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശയ്‌ക്ക് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം നൽകി. മാപ്പിള ലഹളക്കാലത്ത് ഹിന്ദുവംശഹത്യ നടത്താനും ക്ഷേത്രങ്ങൾ തകർക്കാനും മുന്നിൽ നിന്നവരാണ് ഒഴിവാക്കപ്പെട്ട വാരിയം കുന്നനും സംഘവും.ശനിയാഴ്ച ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറും. മാപ്പിള ലഹളയിലെ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാകും സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിൽ പുതിയ പതിപ്പ് തയ്യാറാക്കുക. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണ്ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളുടെ പേര് ഉൾപ്പെടുന്നതാണ് സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിന്റെ അഞ്ചാം ഭാഗം.


മാപ്പിള ലഹളയിൽ പങ്കെടുത്തവരുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിലനിർത്തരുതെന്ന വാദം ശക്തമായിരുന്നു. പിന്നാലെ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഇത് വിലയിരുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് മൂന്നംഗ സമിതി ചരിത്ര ഗവേഷണ കൗൺസിലിന് നൽകിയത്. കൊറോണ സാഹചര്യത്തിൽ ജനറൽ കൗൺസിൽ കൂടാൻ വൈകുകയായിരുന്നു.


ഐസിഎച്ച്ആർ ഡയറക്ടർ ഓംജീ ഉപാദ്ധ്യയ്, ഐസിഎച്ച് ആർ ആംഗവും കോട്ടയം സിഎംഎസ് കോളേജ് റിട്ട. പ്രൊഫസറുമായി സിഐ ഐസക്, ഐസിഎച്ച്ആർ അംഗം ഹിമാൻഷു ചതുർവേദി എന്നിവരുടെ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. വാരിയം കുന്നൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയത് ശരിവെച്ച റിപ്പോർട്ടിന് കൗൺസിൽ പൊതുയോഗം അംഗീകാരം നൽകുകയായിരുന്നു.