26 April 2024 Friday

എം ബാലാജിക്ക് വീണ്ടും തൃശൂർ ജില്ലയിലെ മികച്ച കർഷകനുള്ള പുരസ്കാരം

ckmnews

എം ബാലാജിക്ക് വീണ്ടും

തൃശൂർ ജില്ലയിലെ മികച്ച കർഷകനുള്ള പുരസ്കാരം


കുന്നംകുളം:കടവല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം ബാലാജിയെ തേടി സംസ്ഥാന കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച കർഷക അവാർഡ്.കൊരട്ടിക്കരയിലെ വീടിനോട് ചേർന്നുള്ള പറമ്പിലും പാടത്തുമായി അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ചെയ്ത വിവിധ കൃഷികളും ഇതിൻ്റെ എല്ലാവിധ പരിചരണങ്ങളും കണക്കിലെടുത്തുകൊണ്ടാണ് അദ്ദേഹത്തിന് വീണ്ടും അവാർഡ് തേടിയെത്തിയിട്ടുള്ളത്.2016ൽ ജില്ലയിൽ മികച്ച കർഷകനായും ,സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച കർഷകനായും ബാലാജി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച വിദ്യാർത്ഥി കർഷകനായി അദ്ദേഹത്തിൻറെ മകനെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു.  സാധാരണ സമയങ്ങളിൽ വീടിനോട് ചേർന്നുള്ള ഒന്നര ഏക്കറിലും.പാടത്തെ മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞാൽ പിന്നീട് ലഭിക്കുന്ന മൂന്ന് ഏക്കർ സ്ഥലവും പൂർണമായും ഉപയോഗപ്പെടുത്തിയാണ് ബാലാജി കൃഷി ഇറക്കുന്നത്.തെങ്ങ് ,കുരുമുളക്, ഇഞ്ചി ,അടയ്ക്ക, കപ്പ, കദളി, റമ്പൂട്ടാൻ, ചാമ്പക്ക, മാങ്കോസ്റ്റിൻ, വിവിധ പേരക്കകൾ , ആപ്പിൾ ചാമ്പക്ക, പപ്പായ, കൂടാതെ എല്ലാവിധ പച്ചക്കറികളും ബാലാജിയുടെ തോട്ടത്തിൽ സമൃദ്ധമായി വളരുന്നു. മീൻ വളർത്തുന്ന മൂന്ന് കുളങ്ങളും നാല് പശുക്കളും 100 കോഴികളും ഈ കൃഷി ഭൂമിയിലുണ്ട്. പറമ്പിൽ നിന്നും വിളവെടുക്കുന്ന കൂർക്ക, ചേമ്പ്, ചേന, ചീര, പയർ വർഗ്ഗങ്ങൾ, തക്കാളി' വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ പെരുമ്പിലാവിൽ  കുറഞ്ഞ വിലയിൽ നേരിട്ട് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്.പച്ചക്കറികളുടെ വിളവെടുപ്പ് എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്നതാണ് പ്രധാന സവിശേഷത. വീണ്ടും സർക്കാരിന്റെ കർഷക അവാർഡ് തേടി വന്ന ബാലാജിക്ക് ഇപ്പോൾ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.