26 April 2024 Friday

നിയന്ത്രണത്തില്‍ ഇളവ്; 5ജിയ്ക്ക് വേണ്ടി അമേരിക്കന്‍ കമ്പനികള്‍ക്ക് വാവേയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാം

ckmnews

ചൈനീസ് സാങ്കേതിക വിദ്യാ സ്ഥാപനമായ വാവേയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അമേരിക്ക ചില ഇളവുകള്‍ കൊണ്ടുവരും. 5ജി സാങ്കേതിക വിദ്യ വിന്യസിക്കുന്നതിനായി അമേരിക്കന്‍ കമ്പനികള്‍ക്ക് വാവേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയേക്കും. 

നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തിക്കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ വാണിജ്യ വകുപ്പും ബന്ധപ്പെട്ട മറ്റ് രണ്ട് ഏജന്‍സികളും ഒപ്പുവെച്ചു. ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചാലെ ഇത് നിലവില്‍ വരികയുള്ളൂ. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് വാണിജ്യ വകുപ്പും വാവേ അധികൃതരും പ്രതികരിച്ചിട്ടില്ല.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാവേയ്ക്ക് വില്‍ക്കുന്നത് വിലക്കിക്കൊണ്ടുള്ള വാണിജ്യ വകുപ്പിന്റെ തീരുമാനത്തില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ഒരു ഭേദഗതി കൊണ്ടുവരുന്നത്. ദേശസുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈനീസ് കമ്പനിയായ വാവേയ്‌ക്കെതിരെ അമേരിക്ക കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

എന്നാല്‍ വാവേയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് മുന്നോടിയാണ് ഈ തീരുമാനമെന്ന് കരുതേണ്ടെന്നാണ് വിദഗ്ദാഭിപ്രായം. വാവേയെ എന്റൈറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ തീരുമാനം വിപരീതഫലമാണുണ്ടാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തെ മുന്‍നിര ഉപകരണ നിര്‍മാതാക്കളിലൊന്നാണ് വാവേ. പല മുന്‍നിര അമേരിക്കന്‍ കമ്പനികളും വാവേയുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്നു. അമേരിക്കയുടെ വ്യവസ്ഥകള്‍ കമ്പനികള്‍ക്കിടയില്‍ പലവിധ ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചു. പല കമ്പനികള്‍ക്കും അമേരിക്കന്‍ നിയമത്തെ ഭയന്ന് വാവേയുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ഇക്കാരണം കൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ക്കിടയിലും പ്രതിരോധിച്ച് നില്‍ക്കാന്‍ വാവേയ്ക്ക് സാധിച്ചു.