26 April 2024 Friday

ഭരത് മുരളി ഷോർട്ട് ഫിലിം മത്സരം; പന്താവൂർ സ്വദേശി എ വി എം ഉണ്ണിക്ക് മികച്ച നടനുള്ള പുരസ്കാരം

ckmnews

ഭരത് മുരളി ഷോർട്ട് ഫിലിം മത്സരം;

പന്താവൂർ സ്വദേശി എ വി എം ഉണ്ണിക്ക് മികച്ച നടനുള്ള പുരസ്കാരം


പൊന്നാനി:അന്തരിച്ച നടൻ ഭരത് മുരളിയുടെ ഓർമക്കായി മീഡിയ ഹബ് തിരുവനന്തപുരം ഏർപ്പെടുത്തിയ ഷോർട്ട്​ ഫിലിം അവാർഡുകൾ (ഗൾഫ് റീജനൽ) പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് പന്താവൂരിലെ എ വി എം ഉണ്ണി.


 പുരസ്കാരത്തിൽ ഖത്തറിൽ നിന്നുള്ള 'ഓലച്ചൂട്ടുകൾ'ക്ക്​ മികച്ച നേട്ടം. ചിത്രം ഒരുക്കിയ കൊല്ലം കെ. രാജേഷ് മികച്ച സംവിധായകനുള്ള പുരസ്​കാരം നേടി. ചിത്രത്തിലെ അച്ഛനായും മുത്തച്ഛനായും തകർത്തഭിനയിച്ചതിനാണ് പന്താവൂർ സ്വദേശി  എ.വി.എം. ഉണ്ണി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. സംഗീത സംവിധായകൻ നന്തു കർത്തക്ക്​ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും ലഭിച്ചു.


അജിത സിനി ആർട്സ് നിർമിച്ച്​ ചെമ്പകം സിനി ക്രിയേഷൻ പുറത്തിറക്കിയ 'ഓലച്ചൂട്ടുകൾ' ചിത്രത്തിൻെറ അണിയറ ശിൽപികളെല്ലാം ഖത്തർ പ്രവാസികളാണ്​. വർത്തമാനകാലത്ത്​ കുടുംബബന്ധത്തിനുണ്ടാകുന്ന വിള്ളലുകളാണ്​ ചിത്രത്തിൻെറ ഇതിവൃത്തം.


 ദോഹയിൽ ഏറെ വർഷങ്ങളായി നാടകരംഗത്ത്​ സജീവമായ എ.വി.എം ഉണ്ണിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്​ ചിത്രത്തിലെ അച്ഛൻ കഥാപാത്രം. കൺമുന്നിൽ കണ്ടത് മകനോടും മരുമകളോടും പറയാൻ വിമ്മിഷ്​ടപ്പെടുന്ന മുത്തച്ഛനായും ചിത്രത്തിൽ ജീവിക്കുകയാണ്​ ഉണ്ണി.സിനിമയിലും ടെലിഫിലിമുകളിലും സജീവമായ എ വി എം ഉണ്ണി മലയാളത്തിലെ എല്ലാ നടന്മാരുടെയും ആദ്യകാല അഭിമുഖങ്ങൾ എടുത്തയാളാണ്. അപൂർവ്വമായ ഇതിൻ്റെ വീഡിയോ ശേഖരവും ഇദ്ധേഹത്തിൻ്റെ കൈയ്യിലുണ്ട്. മമ്മൂട്ടി, ജയറാം, കലാഭൻ മണി, തുടങ്ങിയവരുടെ ആദ്യകാല അപൂർവ്വ അഭിമുഖങ്ങൾ ഇതിൽ ചിലതാണ്. ഇപ്പോൾ പന്താവൂരിലെ വീട്ടിൽ വിശ്രമത്തിലാണ് താരം.


 കൊല്ലം കെ. രാജേഷ് ആണ്​ തിരക്കഥയൊരുക്കിയതും സംവിധാനം ചെയ്തതും. ദോഹയിൽ ആദ്യമായി നടത്തിയ അമച്വർ നാടക മത്സരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.