മാന്നാറില്‍ യുവതിയെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസില്‍ പൊന്നാനി സ്വദേശികള്‍ അടക്കം 3 പ്രതികള്‍ കൂടി പിടിയില്‍.

മാന്നാറില്‍ യുവതിയെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസില്‍ പൊന്നാനി സ്വദേശികള്‍ അടക്കം 3 പ്രതികള്‍ കൂടി പിടിയില്‍.
ആലപ്പുഴ മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശികളായ ധനീഷ്, അജയകുമാര്‍,തൃശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി മുഹമ്മദ് ഫയാസ് എന്നിവരാണ് പിടിയിലായത്.ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ എണ്ണം 17 ആയി.യുവതിയെ തട്ടിക്കൊണ്ടുപോയകേസിലെ പതിനെട്ടും പത്തൊന്‍പതും പ്രതികളാണ് പിടിയിലായ ധനീഷും അജയകുമാറും. ചാവക്കാട് സ്വദേശി മുഹമ്മദ് ഫയാസ് ഇരുപത്തൊന്നാം പ്രതിയാണ്. പൊന്നാനി, തൃപ്രയാര്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. മുഹമ്മദ് ഫയാസ് ആണ് യുവതിയെ പുറത്തെത്തിച്ച് സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറാന്‍ പ്രാദേശിക ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തിയത്.
വാഹനത്തില്‍ കടത്തിക്കൊണ്ടുപോയ യുവതിയെ പാലക്കാട് നെന്‍മാറയില്‍ നിന്ന് വടക്കഞ്ചേരി മേട്ടപ്പല്ലൂരില്‍ കൊണ്ടുവന്ന് റോഡിലുപേക്ഷിച്ചത് ധനീഷും അജയകുമാറും ചേര്‍ന്നായിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന് സഹായം നല്‍കിയ പ്രാദേശിക ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളും നേരത്തെ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
മാന്നാര്‍ സിഐ എസ്.നൂമാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിലെ ബാക്കിയുള്ള പ്രതികളെയും താമസിയാതെ അറസ്റ്റ് ചെയ്യുമെന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര്‍.ജോസ് പറഞ്ഞു. ഫെബ്രുവരി 22 ന് പുലര്‍ച്ചെയാണ് മാന്നാര്‍ കുരട്ടിക്കാട്ടുള്ള വീടാക്രമിച്ച് സ്വര്‍ണക്കടത്ത് സംഘം ബിന്ദുവെന്ന യുവതിയെ തട്ടിക്കൊണ്ടുപോയത്.
പൊലീസ് അന്വേഷണം ശക്തമായതോടെ അന്നുച്ചയ്ക്ക് പാലക്കാട് വടക്കഞ്ചേരിയില്‍ യുവതിയെ റോഡരികില്‍ ഉപേക്ഷിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ യുവതി കുറച്ചുനാള്‍ ചികില്‍സയിലായിരുന്നു. ദുബായില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം കൊടുത്തുവിട്ട സ്വര്‍ണം നാട്ടിലെ ഇടപാടുകാര്‍ക്ക് നല്‍കാത്തതാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണം.പിടിക്കപ്പെടുമെന്ന ഭീതിയില്‍ മാലി എയര്‍പോര്‍ട്ടില്‍ സ്വര്‍ണം ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.