26 April 2024 Friday

സുനില്‍ വളയംകുളം നോമ്പ് നോക്കാന്‍ തുടങ്ങിയിട്ട് 23വര്‍ഷം

ckmnews


ചങ്ങരംകുളം:വളയംകുളം സ്വദേശിയായ സുനില്‍ റംസാന്‍ മാസത്തിലെ നോമ്പ് എടുക്കാന്‍ തുടങ്ങിയിട്ട് 23 വര്‍ഷം പിന്നിടുകയാണ്.തികഞ്ഞ ഈശ്വര വിശ്വാസിയും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാനിധ്യവുമായ സുനില്‍ വളയംകുളം 

പതിനേഴാം വയസ്സിലാണ് നോമ്പെടുത്ത് തുടങ്ങിയത് ആദ്യം മൂന്നും അഞ്ചും പീന്നീട് പത്തും പതിനഞ്ചും ആയി തുടങ്ങിയ നോമ്പ് പിന്നീട് മുപ്പതിലെത്തി.സുനില്‍ നോമ്പ് എടുക്കുന്നത് കേവലം വ്രതാനുഷ്ടാനം മാത്രമല്ല സഹോദര സമുദായങ്ങളുടെ പ്രയാസങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ഒപ്പം നിന്ന് സമൂഹത്തിന്റെ സൗഹാര്‍ദ്ധ അന്തരീക്ഷം നില നിര്‍ത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.ഏത് പ്രതിസന്ധി ഘട്ടത്തിലും ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി വര്‍ഷങ്ങളായി ഒപ്പം നിന്ന ഉറ്റ സുഹൃത്തുക്കളായ ഷറഫു ഫൈസൽ നൗഷാദ് റഫീഖ് സുധീർ എന്നിവർ നോമ്പെടുക്കുമ്പോള്‍ അവര്‍ക്ക് ഒപ്പം  നോമ്പെടുക്കുകയും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുകയും ചെയ്തിരുന്ന സുനിലിന് കാലങ്ങള്‍ കഴിഞ്ഞ് സൗഹൃദങ്ങള്‍ പല വഴിക്കായി ചിതറിപ്പോയെങ്കിലും റംസാന്‍ മാസത്തിലെ ശീലത്തിന് മാറ്റം വന്നില്ല.പിന്നീട് ജോലിക്കായി പ്രവാസ ലോകത്തേക്ക് ചേക്കേറിയ സുനില്‍ തന്റെ റംസാന്‍ മാസത്തിലെ വ്രതാനുഷ്ടാനം തുടര്‍ന്നു.ദുശിച്ച ചിന്തകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും മനസിനെയും ശരീരത്തെയും നിയന്ത്രിച്ച് സൃഷ്ടാവിലേക്ക് കൂടുതല്‍  അടുക്കുകയും ജീവിതകാലം മുഴുവന്‍ ഒരു നല്ല വ്യക്തിയായി ജീവിക്കാന്‍ പ്രാപ്തനാക്കുകയും ചെയ്യുക എന്നതാണ് വര്‍ഷത്തില്‍ ഒരു മാസം വ്രതം അനുഷ്ടിക്കുന്നത് കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും കാലത്തിന്റെ മാറ്റം അനുസരിച്ച് നോമ്പിന്റെ പുണ്യം നഷ്ടപ്പെടുന്നുണ്ടെന്നും സുനില്‍ പറയുന്നു.ഒരു മാസത്തെ ചിട്ട നിറഞ്ഞ വ്രതാനുഷ്ടാനം മനസിന് മാത്രമല്ല ശാരീരികമായും വലിയ മാറ്റങ്ങള്‍ മനുഷ്യന് സൃഷ്ടിക്കാന്‍ കഴിയുമെന്നും ഏത് പ്രതിസന്ധിയിലും മുടങ്ങാതെ മുപ്പത് നോമ്പും എടുക്കാറുണ്ടെന്നും സുനില്‍ പറയുന്നു.


മദ്രസകളും മസ്ജിദുകളും കേന്ദ്രീകരിച്ച് എല്ലാ വര്‍ഷവും നബിദിന ആഘോഷങ്ങള്‍ക്ക് വേണ്ട   സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റു അനുഷ്ഠാന പരിപാടികള്‍ നടത്തുന്നതിനും സുഹൃത്തുക്കള്‍ക്കൊപ്പം സുനില്‍ സജീവ പങ്കാളിയാണ്.സഹോദരങ്ങള്‍ക്കൊപ്പം മത പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതിനും സുനില്‍ സമയം ചിലവഴിക്കാറുണ്ട്.തന്നെ വളര്‍ത്തി വലുതാക്കിയതിലും തന്നെ താനാക്കിയതിലും മുസ്ലിം സഹോദരങ്ങളുടെ കുടുംബങ്ങളെയും പങ്കു ചെറുതല്ലെന്നും അവരുടെ സുഖത്തിലും ദുഖത്തിലും ഒപ്പം നില്‍ക്കുക എന്നത് തന്റെ കടമയാണെന്നും സുനില്‍ പറയുന്നു.


അയ്യപ്പധര്‍മ്മ സേനയുടെ മുന്‍ മലബാര്‍ മേഖല സെക്രട്ടറി കൂടിയായിരുന്ന സുനില്‍ വളയംകുളം ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു.പിന്നീട് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മുസ്ലിംങ്ങള്‍ക്കൊപ്പം നിന്ന് സമരം നയിച്ചതിന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനാവുകയും അയ്യപ്പ ധര്‍മ്മസേനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.പ്രളയ സമയത്തും കൊറോണ പ്രതിസന്ധിയിലും ജാതി മത രാഷ്ട്രീയ ചിന്ഥകള്‍ക്ക് അതീതമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജനശ്രദ്ധ നേടാനും സുനിലിന് കഴിഞ്ഞു.

ദാരിദ്ര്യം നിറഞ്ഞ ബാല്യത്തില്‍ അച്ചനെ നഷ്ടപ്പെട്ടപ്പോഴും കൂടെ നിന്ന് സംരക്ഷണം നല്‍കാനും ഭക്ഷണം നല്‍കാനും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാനും ഒപ്പം നിന്ന മുസ്ലിം സമുദായത്തോടുള്ള കടപ്പാട് കൂടിയാണ് റംസാന്‍ മാസത്തിലെ തന്റെ വ്രതാനുഷ്ടാനമെന്നും ജീവിത കാലം മുഴുവന്‍ ഇത് തുടരുമെന്നും സുനില്‍ പറഞ്ഞു.റംസാന്‍ മാസത്തില്‍ തുടരുന്ന ധാനധര്‍മ്മങ്ങള്‍ കൊറോണ പ്രതിസന്ധി മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൂടി ലഭ്യമാക്കുന്നതിന് ഇത്തരം പ്രവൃത്തികള്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നും സുനില്‍ പറയുന്നു. പരേതനായ കുറുമ്പൂര്‍ സുബ്രമണ്യന്റെയും നളിനിയുടെയും മൂത്ത മകനാണ് സുനില്‍.മുന്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം പ്രജി സുനില്‍ ആണ് ഭാര്യ അദ്വൈത്,അക്ഷത എന്നിവര്‍ മക്കളാണ്.