09 May 2024 Thursday

കുന്നംകുളത്ത് മന്ത്രി ഇല്ലെങ്കിലും കുന്നംകുളത്ത്കാരനായി ഒരു മന്ത്രിയുണ്ട് മുഹമ്മദ് റിയാസ് കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് സ്വദേശി

ckmnews

കുന്നംകുളത്ത് മന്ത്രി ഇല്ലെങ്കിലും കുന്നംകുളത്ത്കാരനായി ഒരു മന്ത്രിയുണ്ട് 


മുഹമ്മദ് റിയാസ് 

കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് സ്വദേശി


കുന്നംകുളം:ഇക്കുറിയും കുന്നംകുളത്തിന്‌ മന്ത്രിയുണ്ട്‌- കോഴിക്കോട്‌ ജില്ലയിലെ ബേപ്പൂരില്‍നിന്നു കന്നിയങ്കത്തില്‍ വിജയിച്ച ഡി.വൈ.എഫ്‌.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും, സി.പി.എം. സംസ്‌ഥാന കമ്മിറ്റിയഗംവുമായ മുഹമ്മദ്‌ റിയാസ്‌. കുന്നംകുളം നിയോജക മണ്ഡലത്തിലെ കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവു സ്വദേശിയാണു മുഹമ്മദ്‌ റിയാസ്‌. പോലീസില്‍ ഉന്നത പദവി വഹിച്ച റിയാസിന്റെ പിതാവ്‌ ജോലിസംബന്ധിയായി കോഴിക്കോട്ടേക്കു താമസം മാറുകയായിരുന്നു. 

പിന്നീടു കോഴിക്കോടു കേന്ദ്രീകരിച്ചായിരുന്നു റിയാസിന്റെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥി യുവജന സംഘടന പ്രവര്‍ത്തനത്തിലൂടെ അഖിലേന്ത്യാ നേതാവായ മുഹമ്മദ്‌ റിയാസ്‌ ഇന്ന്‌ സത്യ പ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കുമ്പോള്‍ ജന്മനാടായ പെരുമ്പിലാവും ആഹ്ലാദത്തിലാണ്‌. തിരക്കുകള്‍ക്കിടയിലും തറവാക്കിലെത്തി ബന്ധുക്കളെക്കാണാനും സൗഹൃദം ഊട്ടിയുറപ്പിക്കാനും റിയാസ്‌ പെരുമ്പിലാവിലെത്താറുണ്ട്‌. സി.പി.എമ്മിന്റെയും, ഡി.വൈ.എഫ്‌.ഐയുടെയും കുന്നംകുളത്തെ നേതാക്കളുമായും അടുത്ത സൗഹൃദവുമുണ്ട്‌. റിയാസിന്റെ പിതൃസഹോദര പുത്രനാണ്‌ കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡണ്ടായ മുഹമ്മദ്‌ ഹാഷിം. മുഹമ്മദ്‌ റിയാസിന്റെ വിവാഹച്ചടങ്ങിലെ മുഹമ്മദ്‌ ഹാഷിമിന്റെ സാന്നിധ്യം വിവാദമായി. 

വര്‍ഷങ്ങള്‍ക്കുമുമ്പു കടവല്ലൂര്‍ ഒറ്റപ്പിലാവിലുണ്ടായ രാഷ്‌ട്രീയ സംഘട്ടനത്തില്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണു മുഹമ്മദ്‌ ഹാഷിം ക്ലിഫ്‌ഹൗസില്‍ നടന്ന റിയാസിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തത്‌. ഒന്നാം പിണറായി സര്‍ക്കാരില്‍ കുന്നംകുളത്തിന്‌ എ.സി. മൊയ്‌തീനിലൂടെ ലഭിച്ച മന്ത്രിപദവി പി.എ. മുഹമ്മദ്‌ റിയാസിലൂടെ വീണ്ടുമെത്തുകയാണു കുന്നംകുളത്തേക്ക്‌