09 May 2024 Thursday

മാർത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്ത കാലം ചെയ്തു.

ckmnews

മാർത്തോമ്മ സഭയുടെ

വലിയ മെത്രാപ്പോലീത്ത കാലം ചെയ്തു.


മാര്‍ത്തോമ്മാ സഭ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാലംചെയ്തു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും മറ്റ് അസ്വസ്ഥതകളുമുള്ളതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ, വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു.എട്ടുവര്‍ഷത്തോളം സഭാധ്യക്ഷനായിരുന്നു. 2018-ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍കൂടിയായിരുന്നു അദ്ദേഹം.മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേവീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നുപേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. െബംഗളൂരൂ, കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം. 1999 ഒക്ടോബര്‍ 23ന് മെത്രാപ്പൊലീത്തായായി. 2007 ഓഗസ്റ്റ് 28-ന് സ്ഥാനത്യാഗത്തിനുശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ക്രിസോസ്റ്റത്തെ പിന്നീട് ശാരീരിക അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതത്തിനായി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു