09 May 2024 Thursday

സ്പീക്കറുടെ നേതൃതൃത്വത്തില്‍ നരണിപ്പുഴ ശുചീകരണം മാര്‍ച്ച് 8ന് നടക്കും സേവ് നരണിപ്പുഴ പദ്ധതി ആദ്യഘട്ട ആലോചനയോഗം ചേര്‍ന്നു

ckmnews

ചങ്ങരംകുളം:വെളിയംകോടും നന്നംമുക്കും അതിര്‍ത്തി പങ്കിട്ട് ചരിത്രത്തിനും സംസ്കാരത്തിനുമൊപ്പം ഒഴുകിയ നരണിപ്പുഴയുടെ ശോചനീയാവസ്ഥക്ക് പരിഹാരമാവുന്നു.വർഷങ്ങളായി കൈയ്യേറ്റത്താലും മലിനീകരണത്താലും വീർപ്പുമുട്ടിയ പുഴയുടെ പഴയ പ്രതാപം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങള്‍ക്കാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്.സേവ് നരണിപ്പുഴ പദ്ധതിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും ആദ്യഘട്ട ആലോചനാ യോഗം ചേര്‍ന്നു.സ്പീക്കര്‍  പി ശ്രീരാമകൃഷ്ണന്‍  നേരിട്ട് നേതൃത്വം കൊടുക്കുന്ന ആദ്യഘട്ട ശുചീകരണം മാര്‍ച്ച് 8ന് ഞായറാഴ്ച നരണിപ്പുഴയില്‍ നടക്കും.

പുഴയുടെ സംരക്ഷത്തിന്റെ ചരിത്രത്തിൽ പദ്ധതി ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമാവും. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പുഴസസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് മാര്‍ച്ച് 08 ന് നിയമസഭാ സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷ്ണന്‍റെ  നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നരണിപ്പുഴ ശുചീകരണം സംഘടിപ്പിക്കുന്നത്.നരണിപ്പുഴ അടക്കമുള്ള ബ്ലോക്ക് പരിധിയിലെ ജല സ്രോതസ്സുകളെ മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും അത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തികളെ ജനകീയമായി ചെറുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.ആറ്റുണ്ണിതങ്ങള്‍ പറഞ്ഞു. മാര്‍ച്ച് 8ന് നടക്കുന്ന നരണിപ്പുഴ ശുചീകരണം  ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച് മാലിന്യമുക്തമാക്കി സംരക്ഷിക്കാനും പുഴയുടെ അഴക് വീണ്ടെടുക്കാനുമുള്ള തീവ്ര യജ്ഞത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്.ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍.വി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പൊന്നാനി തഹസില്‍ദാര്‍, ഫയര്‍ റസ്ക്യും വിഭാഗം സെക്ഷന്‍ ഓഫീസര്‍, പെരുമ്പടപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ബി.ഡി.ഒ  തുടങ്ങി  വിവിധ സര്‍ക്കാര്‍ വകുപ്പു മേധാവികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.