27 April 2024 Saturday

യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനായി "സ്പീക്ക് യങ് " പരിപാടി സംഘടിപ്പിക്കും.

ckmnews

യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ സർക്കാറിലേക്ക്  സമർപ്പിക്കുന്നതിനായി "സ്പീക്ക് യങ് " പരിപാടി സംഘടിപ്പിക്കും.


പൊന്നാനി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ അഭിമുഖ്യത്തിൽ ഭാവി കേരളത്തെ കുറിച്ച് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളും സമാഹരിക്കയും, ഇവയെല്ലാം ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ സ്പീക്ക് യങ് പരിപാടി സംഘടിപ്പിക്കുന്നു.  കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ഒരേസമയം സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പൊന്നാനി നിയോജക മണ്ഡലത്തിൽ  പൊന്നാനി പുളിക്കകടവ് ബിയ്യംകായൽ വള്ളംകളി പവലിയനിൽ വെച്ചാണ് പരിപാടി നടക്കുന്നത്. നിയമസഭാ സ്‌പീക്കർ, കായിക മന്ത്രി ഇ.പി ജയരാജൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.


 പരിപാടിക്ക് മുന്നോടിയായി സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്നു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം രക്ഷാധികാരിയും, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീർ ചെയർമാനും, ഫാറൂഖ് വെളിയങ്കോട് കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ആബിദ, സ്പീക്കറുടെ  പ്രതിനിധി  ടി.ജമാലുദ്ദീൻ, നഗരസഭ സൂപ്രണ്ട് എസ്.എ വിനോദ് കുമാർ, ഫാറൂഖ് വെളിയങ്കോട് എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ യൂത്ത് ക്ലബ്ബ് ഭാരവാഹികൾ, യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.