27 April 2024 Saturday

പൊന്നാനിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ ക്രൂരമായി അക്രമിച്ചു മുളക് പൊടിയും പശയും ചേര്‍ത്ത വെള്ളം മുഖത്ത് ഒഴിച്ചു സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

ckmnews

പൊന്നാനി: യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. പൊന്നാനി കമാം വളവ് കീക്കാട്ടില്‍ ജബ്ബാറിനാണ്(37) പരിക്കേറ്റത്. പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളം അക്രമിസംഘം യുവാവിന്റെ മുഖത്തൊഴിച്ചു. കണ്ണ് തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.


ജബ്ബാര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണില്‍ ഒട്ടിപ്പിടിച്ച പശ നീക്കം ചെയ്തത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. പശ മുഖത്ത് ഒഴിച്ചതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമാംവളവിലെ വീടിനോടുചേര്‍ന്ന് ചെറിയ മിഠായിക്കട നടത്തിവരികയായിരുന്നു ജബ്ബാര്‍. ഇതിനുമുമ്ബും യുവാവിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. തന്റെ എട്ട് വയസുള്ള മകന്റെ കാഴ്ച ശക്തി നഷ്ടപ്പെടാന്‍ കാരണം ഡോക്ടര്‍ മരുന്ന് മാറി നല്‍കിയതാണെന്ന് ആരോപിച്ച്‌ ജബ്ബാര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.