26 April 2024 Friday

അവതാര്‍ തട്ടിപ്പ് പ്രതി സ്റ്റേഷനില്‍ നിന്നും സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ടു

ckmnews


അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ വിവിധ ഷോറൂമുകളില്‍ നിക്ഷേപിച്ച കോടികണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതി സ്‌റ്റേഷനില്‍ നിന്നും നാടകീയമായി രക്ഷപ്പെട്ടു. തൃത്താല ഊരത്തൊടയില്‍ അബ്ദുല്ല (57) ആണ് ചാവക്കാട് പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസുകാരെ തട്ടിമാറ്റി ഇറങ്ങിയോടി സ്‌റ്റേഷന് മുന്നില്‍ കാത്ത് കിടന്നിരുന്ന കാറില്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്ക് കേസില്‍ ജാമ്യമനുവദിച്ച പോലീസ് അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ മറ്റൊരു കേസില്‍ ജാമ്യമില്ലാ വാറണ്ട് ഉണ്ടെന്ന് മനസിലായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇയാളെ കാത്ത് നിന്നിരുന്ന കാര്‍ സ്റ്റേഷന് മുന്നിലേക്കെത്തുകയും പ്രതി ഓടി കാറില്‍ കയറുകയുമായിരുന്നു. നന്ദന്‍, ശരത്, വിപിന്‍ എന്നിവര്‍ ഇയാളെ പിന്തുടര്‍ന്നു. നന്ദന്‍ ഡോറില്‍ പിടിച്ചെങ്കിലും തുറന്ന ഡോറുമായി കാര്‍ കുന്നംകുളം ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. പോലീസുകാരന്‍ നന്ദന് സംഭവത്തില്‍ പരിക്കേറ്റു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.