09 May 2024 Thursday

ചൂട് കൂടി വെള്ളം വറ്റി,വെള്ളവും തീറ്റയും തേടി പാടശേഖലങ്ങളിൽ എത്തുന്നത് ആയിരക്കണക്കിന് താറാവുകൾ

ckmnews

ചൂട് കൂടി വെള്ളം വറ്റി,വെള്ളവും തീറ്റയും തേടി പാടശേഖലങ്ങളിൽ എത്തുന്നത് ആയിരക്കണക്കിന് താറാവുകൾ


ചങ്ങരംകുളം:കല്ലുപുറം അടിമന താഴത്ത് 

കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളവും തീറ്റയും തേടി എത്തിയ താറാവു കൂട്ടങ്ങൾ കാഴ്ചക്കാരിൽ  കൗതുകം ഉണർത്തി.പതിനായിരത്തോളം വരുന്ന കുട്ടനാടൻ താറാവ് കൂട്ടങ്ങളാണ് തോടും വയലും താണ്ടി തീറ്റ തേടിയെത്തിയത്.


പാലക്കാട് പട്ടാമ്പി സ്വദേശി ജോണിയുടെ ഉടമസ്ഥതയിലുള്ള ചാര ,ചെമ്പലി ,പുള്ളി ഇനത്തിൽപ്പെട്ട ആയിരക്കണക്കിന് താറാവുകളാണ് വിശാലമായ പാടശേഖരത്ത് കഴിഞ്ഞ നാലു ദിവസമായി തമ്പടിച്ചിരിക്കുന്നത്.ജനുവരിയിൽ ആലപ്പുഴയിൽ നിന്ന്

ഒരു ദിവസം പ്രായമായ താറാവു കുഞ്ഞുങ്ങളെ  വാങ്ങിയാണ് ജോണി താറാവ് കൃഷി നടത്തുന്നത്.ഇഷ്ടപ്പെട്ട പനച്ചോറിന് ക്ഷാമം നേരിടുന്നതിനാൽ   ആദ്യത്തെ ഒരു മാസം മൂന്ന് നേരം അരി ഭക്ഷണമായി നൽകിയാണ് ഇവയെ വളർത്തുന്നത് .ഭക്ഷണ ചിലവ് കുറക്കുന്നതിനായാണ് താറാവുകളെ പാടശേഖരങ്ങളിലേക്ക് എത്തിച്ചത്.പ്രകൃതിദത്തമായ തീറ്റ ധാരാളമായ ഇവർക്ക് ഇവിടെ നിന്ന് ലഭിക്കും.


വളർത്ത് പക്ഷികളിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന താറാവുകളുടെ ആരോഗ്യത്തിനും ,വളർച്ചക്കും ജലപരിപാലനം ഏറെ ആവശ്യമാണ്.തോട്ടിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്തേക്കാണ് സാധാരണ ഇത്തരത്തിൽ താറാവ് കൂട്ടങ്ങളെ എത്തിക്കുന്നത്.


ചൂട് ശക്തമാകുന്നത്തോടെ പാടശേഖരത്തെ തീറ്റ ഒഴിവാക്കി  താറാവുകളെല്ലാം തോട്ടിലെ വെള്ളത്തിൽ നീരാടും.പല തവണ ഇതാവർത്തിക്കും.ഒരാഴ്ച കഴിഞ്ഞാൽ മലപ്പുറം ജില്ലയുടെ കായൽ പ്രദേശങ്ങളിലേക്ക് താറാവുകൂട്ടങ്ങൾ കൂട്ടത്തോടെ ചേക്കേറും.ഒരു വടിയും എടുത്ത് ഉടമയുടെ വാക്കും കേട്ട് കൂട്ടത്തോടെ നടന്ന് നീങ്ങുന്ന കാഴ്ച കൗതുകം നിറഞ്ഞതാണ്.ഇത് കൊണ്ട് തന്നെ നിരവധി യാത്രക്കാരാണ് തോട്ടിൽ നീന്തി കളിക്കുന്ന താറാവ് കൂട്ടങ്ങളെ  കാണുവാൻ  ഇവിടെ എത്തുന്നത്.


നവംബർ അവസാനത്തോടെ താറാവുകളെല്ലാം ആന്ധ്ര ,മൈസൂർ ,തമിഴ്നാട് ,കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലെ കൃഷിക്കാർക്ക് കൈമാറും.താറാവ് കർഷകൾ ഏറെ പ്രതിസന്ധിയിലാണെന്ന് നാലര പതിറ്റാണ്ടായി താറാവ് കൃഷി നടത്തുന്ന കണ്ണാടി സ്വദേശി സുധേവൻ പറഞ്ഞു.പുതിയ തലമുറകളിലാരും താറാവ് കൃഷിയിലേക്കായി മുന്നോട്ട് വരുന്നില്ല . 365 ദിവസവും താറാവ് കൃഷി ചെയ്യുന്ന തൊഴിലാളികൾക്ക് പെൻഷനോ മറ്റു അനുകൂല്യങ്ങളോ,പക്ഷിപനി തുടങ്ങിയ രോഗങ്ങൾക്ക് നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല.അനുകൂലമായ കാലാവസ്ഥയും ,മുട്ടക്ക് നല്ല വില കിട്ടുകയും ,താറാവുകൾക്ക് അസുഖം ബാധിക്കാതിരിക്കുകയും ചെയ്താൽ താറാവ് കൃഷി ലാഭകരമാണെന്ന് കർഷകർ പറയുന്നു


റിപ്പോര്‍ട്ട്:ഗീവര്‍ ചാലിശ്ശേരി