08 May 2024 Wednesday

പൊന്നാനി ഭാരതപ്പുഴയിലെ ഉല്ലാസ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ജില്ല കലക്ടർക്ക് തഹസിൽദാർ കത്തയച്ചു.

ckmnews


പൊന്നാനി: അഴിമുഖത്തെ ബോട്ട് സർവീസ് നിയന്ത്രണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ജില്ലാ കലക്ടർക്ക് കത്ത് നൽകി. ലൈസൻസില്ലാത്ത എൻജിൻ ഡ്രൈവർ ബോട്ട് ഓടിക്കുന്നതും അമിതമായി യാത്രക്കാരെ കുത്തിക്കയറ്റുന്നതും സമയ പരിധി കഴിഞ്ഞും ബോട്ടുകൾ സർവീസ് നടത്തുന്നതും ശ്രദ്ധയിൽപെട്ടത് ചൂണ്ടിക്കാട്ടിയാണ് തഹസിൽദാർ കലക്ടർക്ക് കത്ത് നൽകിയിരിക്കുന്നത്. ഉല്ലാസ ബോട്ട് സർവീസ് നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്റെയും തുറമുഖ വകുപ്പിന്റെയും അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. 


നിലവിൽ പൊലീസ് ഇൗ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. താനൂരിൽ അപകടമുണ്ടാകുന്നതിനു മുൻപ് തന്നെ ബോട്ട് സർവീസുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസിന്റെ ഇടപെടലുണ്ടാകണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. 


ഇൗ നിർദേശം പൊലീസ് വകവച്ചിരുന്നില്ല. ഇപ്പോഴും ബോട്ട് സർവീസുകളുടെ നിയന്ത്രണവും പരിശോധനയും തങ്ങളുടെ പരിധിയിൽപ്പെടുന്നതല്ലെന്ന നിലപാടിലാണ് പൊലീസ്. കോഴിക്കോട് പോർട്ട് ഓഫിസറുടെ നിർദേശപ്രകാരം 2 തവണ പൊന്നാനിയിൽ പരിശോധന നടന്നപ്പോഴും ലൈസൻസില്ലാത്ത എൻജിൻ ഡ്രൈവർ ബോട്ട് ഓടിക്കുന്നത് കയ്യോടെ പിടികൂടിയിരുന്നു.