08 May 2024 Wednesday

നിളയോരപാതയ്ക്കരികെ കൺവെൻഷൻ സെന്റർ വരുന്നു

ckmnews


പൊന്നാനി : നിളയോരപാതയ്ക്കരികെ അന്താരാഷ്ട്രനിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ വരുന്നു. പദ്ധതിക്ക് പൊന്നാനി നഗരസഭാ കൗൺസിൽ അംഗീകാരം നൽകി

അമൃത് പദ്ധതിപ്രകാരം അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് ഉപയോഗിച്ചാണ് വിവിധോദ്ദേശ്യ ഇന്റർനാഷണൽ കമ്യൂണിറ്റി ഹാൾ എന്ന പേരിൽ കൺവെൻഷൻ സെന്റർ നിർമിക്കുന്നത്. 25 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 15 കോടിരൂപ അനുവദിച്ചു. പദ്ധതിയുടെ ഡി.പി.ആർ. ഉടൻ തയ്യാറാക്കും. നിളയോരപാതയോടു ചേർന്ന് ഭദ്രാംകുളങ്ങര ക്ഷേത്രത്തിനു സമീപത്തെ റവന്യൂവകുപ്പിന്റെ രണ്ടേക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി നഗരസഭ നടപടികൾ ആരംഭിച്ചു. രണ്ടു നിലകളിലായാണ് കൺവെൻഷൻ സെന്റർ നിർമിക്കുക. കെട്ടിടത്തിന്റെ അടിഭാഗം പൂർണമായും പാർക്കിങ്ങിന് ഉപയോഗിക്കും. ഒന്നാം നിലയിൽ കൺവെൻഷൻ സെന്റർ, രണ്ടാം നിലയിൽ ലോഡ്‌ജ്‌ മുറികൾ, കെട്ടിടത്തിന്റെ വശങ്ങളിൽ കഫ്റ്റീരിയ, വിശാലമായ ഡൈനിങ് ഹാൾ, മാലിന്യസംസ്‌കരണ പ്ലാന്റ്, കുടിവെള്ളപ്ലാന്റ് എന്നിവയാണ് പദ്ധതിപ്രദേശത്ത് വിഭാവനം ചെയ്യുന്നത്. കെട്ടിടത്തിൽ ഡോർമെട്രി സൗകര്യവുമുണ്ടാകും.


അമൃത് പദ്ധതിപ്രകാരം അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് വരുമാനദായകമായ പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. ഇതുപ്രകാരമാണ് കൺവെൻഷൻ സെന്ററിന്റെ പ്രോജക്ട് കേന്ദ്രത്തിനു സമർപ്പിച്ചത്. 25 കോടിരൂപയുടെ പദ്ധതിക്ക് 15 കോടി അനുമതിയായതോടെ പദ്ധതി യാഥാർഥ്യമാകുമെന്ന് ഉറപ്പായി. ഈ തുക തിരിച്ചടക്കേണ്ടതാണ്. അതുകൊണ്ടാണ് വരുമാനദായക പദ്ധതികൾ ആവിഷ്‌കരിക്കാൻ നിർദേശിച്ചത്.