09 May 2024 Thursday

ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടനം ചൊവ്വാഴ്ച

ckmnews


ഗുരുവായൂർ : ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ, അന്തിമഘട്ട മിനുക്കു പണികളിൽ ഗുരുവായൂർ മേൽപ്പാലം. ചൊവ്വാഴ്ച  ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞാൽ പാലത്തിനു മുകളിലൂടെ ആദ്യം പോകുക മൂന്ന്‌ കെ.എസ്.ആർ.ടി.സി. ബസുകളാണ്. ഇതിൽ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമൊപ്പം പൊതുജനങ്ങൾക്കും യാത്രചെയ്യാം.


തിങ്കളാഴ്ച മേൽപ്പാലം പൊതുജനങ്ങൾക്ക് നടന്നു കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എങ്കിലും ശനിയാഴ്ച വൈകുന്നേരംതന്നെ ആളുകൾ പാലത്തിനു മുകളിലൂടെയുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ജോലികഴിഞ്ഞ് സ്ത്രീകളടക്കമുള്ള യാത്രക്കാർ തൃശ്ശൂർ ബസിൽ കയറാൻ പാലം വഴിയാണ് പോയത്. ഞായറാഴ്ച വൈകീട്ട് പാലത്തിനു മുകളിലെ മുഴുവൻ ലൈറ്റുകളും പ്രകാശിപ്പിക്കും. 12 സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സോളാർ വൈദ്യുതി ഉപയോഗിച്ചാണ് ഇവ പ്രവർത്തിപ്പിക്കുക. പാലത്തിനു മുകളിൽ വടക്കുഭാഗത്തായി സോളാർ പ്ലാന്റ് സ്ഥാപിച്ചു. മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട അവസാനത്തെ അവലോകനയോഗം ശനിയാഴ്ച ഉച്ചയ്ക്ക് നഗരസഭയിൽ ചേർന്നു. അതിനുശേഷം എൻ.കെ. അക്ബർ എം.എൽ.എ., ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ മേൽപ്പാലത്തിന്റെ അവസാനഘട്ട പണികൾ നിരീക്ഷിക്കുകയും പാലം നടന്നുകാണുകയും ചെയ്തു. 14-ന് വൈകിട്ട്‌ ഏഴിന് ടൗൺഹാൾ പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും.


പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി. അബ്ദുൾ റഹിമാൻ, കെ. രാജൻ, ആർ. ബിന്ദു എന്നിവർ പങ്കെടുക്കും. പാലത്തിന്റെ കരാറുകാരെയും നിർമാണവുമായി ബന്ധപ്പെട്ട ചുമതലക്കാരെയും ഉപഹാരം നൽകി ആദരിക്കും.