08 May 2024 Wednesday

അനധികൃത മീൻപിടിത്തം: പൊന്നാനി തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന മംഗളൂരു സ്വദേശികളുടെ ബോട്ട് പിടികൂടി.

ckmnews


പൊന്നാനി: കേരള തീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയ അന്യസംസ്ഥാന ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. പൊന്നാനി തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന മംഗളൂരു സ്വദേശികളുടെ ഹനീന-2, ഷാൻവി-3 എന്നീ ബോട്ടുകളാണ് പിടികൂടിയത്.

ഇതരസംസ്ഥാന മത്സ്യബന്ധനയാനങ്ങൾ കേരള തീരത്ത് മത്സ്യബന്ധനം നടത്തരുതെന്ന മുന്നറിയിപ്പ് മറികടന്ന് മീൻ പിടിച്ച ബോട്ടുകളെയാണ് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തത്.

350 എച്ച്.പി. എൻജിൻ ഉപയോഗിച്ചുള്ള ബോട്ടുകൾ പൊന്നാനി കടലിൽ എട്ട് നോട്ടിക്കൽ മൈൽ ദൂരത്തിലാണ് മത്സ്യബന്ധനം നടത്തിയിരുന്നത്.


അന്യസംസ്ഥാന ബോട്ടുകൾ മീൻപിടിത്തം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഫിഷറീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്.


ബോട്ടുകൾക്ക് പിഴ ചുമത്തി മത്സ്യം ഫിഷറീസ് വകുപ്പ് വിറ്റഴിക്കും. പരിശോധനക്ക് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അമൃത ഗോപൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ സമീർ അലി, റസ്‌ക്യൂ ഗാർഡുമാരായ സമീർ, ജാഫർ, സിദ്ദിക്കോയ എന്നിവർ നേതൃത്വം നൽകി.