09 May 2024 Thursday

നാല് പതിറ്റാണ്ടിനുശേഷം വിദ്യാലയ മുറ്റത്ത് ഒരുവട്ടം കൂടി

ckmnews


എടപ്പാൾ: നാൽപ്പത്തിനാല് വർഷം മുമ്പ് ഒന്നാം ക്ലാസിൽ ചേർന്ന് ഒരുമിച്ചു പഠിച്ചവർ വീണ്ടും ആ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കുവെച്ചും, പരിചയം പുതുക്കിയും പഴയ കാസ് മുറികളിലെ കുട്ടികളായി മാറി. എടപ്പാൾ ഉപജില്ലയിലെ അണ്ണക്കമ്പാട് വെറൂർ  എ യു പി സ്കൂളിൽ 1979 ൽ ഒന്നാം ക്ലാസിൽ ചേർന്നവരാണ് പോയ കാലത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഒത്തുകൂടിയത്. 35 പേർ സംഗമത്തിൽ പങ്കാളികളായി. പലരും ഏഴാം ക്ലാസിനു ശേഷം ആദ്യമായി കാണുന്നവരായിരുന്നു. അതുകൊണ്ടുതന്നെ വലിയ ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്നതായി മാറി ആ സംഗമം. അന്ന് പഠിച്ച ക്ലാസിൽ ഇരുന്ന്, വീണ്ടും വിദ്യാർഥികളായി മാറാൻ അവർ കൊതിച്ചു. അന്നത്തെ ഇഷ്ട മിഠായികൾ ആയിരുന്ന കട്ടിമിഠായിയും, പുളി അച്ചാറും, നാരങ്ങാ മിഠായിയും  വീണ്ടും വാങ്ങി ക്ലാസ് മുറികളിൽ ഇരുന്നു കഴിച്ചപ്പോൾ അത് നൊസ്റ്റാൾജിയ ഉളവാക്കുന്നതായി മാറി.

 രാവിലെ 11 മണിക്ക് എല്ലാവരും എത്തിച്ചേർന്നതോടെ ഏഴ് എ ക്ലാസിൽ അന്ന് ലീഡറായിരുന്നു  ഫിറോസ് ഖാൻ അണ്ണക്കംപാടിന്റെ ആമുഖത്തോടുകൂടി സംഗമത്തിന് തുടക്കമായി. പിന്നീട് അനുഭവങ്ങൾ പങ്കുവെക്കുകയും പരിചയപ്പെടലുമായി.  ആവണി ശ്രീനിവാസൻ,  കെ പി ഷാജേഷ്, കെ സുബൈർ, ടി ലത്തീഫ്, രാജൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി പഴയ കൂട്ടുകാരെ ഓരോന്നോരോന്നായി പരിചയപ്പെടുത്തുന്നതിന് മുന്നിൽ നിന്നു. ഫോട്ടോഗ്രാഫറായ ആവണി ശ്രീനിവാസൻ തന്റെ ക്യാമറ കണ്ണിലൂടെ  എല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഗീതയും, തുളസിയും, സുനന്ദയും, ജ്യോതിയും, ദേവയാനിയും, ഷബീജയും, ജീജയും, ബുഷറയും, സരസ്വതിയും, മറ്റു കൂട്ടുകാരെയും സംഘടിപ്പിച്ച് പലഹാരങ്ങ ളുമായി നേരത്തെ എത്തി. പരിപാടിക്ക് തുടക്കം കുറിച്ച്   കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കെ പി ഷാജേഷിന്റെ മകളും, യൂണിഫോം സ്വയം തയ്ച്ച് പ്രശസ്തയുമായ ഇതേ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി  കെ പി അനാമികയാണ് കേക്ക് മുറിച്ചത്.   മണികണ്ഠൻ ഗാനമാലപിച്ചത്തോടെ കലാപരിപാടിക്ക്‌ തുടക്കമായി.... പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ കൂടിച്ചേരൽ ഏറെ ഹൃദ്യമായി അനുഭവപ്പെട്ടത് കൊണ്ട് തന്നെ ഇടയ്ക്കിടെ ഇത്തരം കൂടലുകളും, വിനോദയാത്രയും ഒക്കെ വേണമെന്ന് ആയി കൂട്ടുകാർ . സ്കൂളുകൾ ചുറ്റി നടന്ന് കണ്ട് മണിക്കൂറുകൾക്ക് ശേഷം പ്രോഗ്രാം അവസാനിച്ചിട്ടും പോകാൻ മനസ്സ് അനുവദിക്കുന്നില്ല എന്നായി പലരും.. വീണ്ടും ഉടൻ കാണാമെന്ന  പരസ്പരമുള്ള പറച്ചിലോടെ സംഗമത്തിന് പരിസമാപ്തിയായി.

 ചില സഹപാഠികളും അധ്യാപകരിൽ ചിലരും വേർപിരിഞ്ഞതിന്റെ ദുഃഖം പങ്കുവെച്ച്  മൗന പ്രാർത്ഥനയ്ക്കുശേഷമാണ് ചടങ്ങ് ആരംഭിച്ചത്.