08 May 2024 Wednesday

പൊന്നാനിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം; രണ്ട് ഡോക്ടര്‍മാരെ പുറത്താക്കി നടപടി

ckmnews



പൊന്നാനി :  പൊന്നാനിയില്‍ ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ നടപടി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. സ്റ്റാഫ് നേഴ്സിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.


പോന്നാനി മാതൃ ശിശു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പാലപ്പെട്ടി സ്വദേശിനി റുക്സാനക്ക് ആണ് രക്തം മാറി നല്‍കിയത്. ഒ-നെഗറ്റിവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമായിരുന്നു നല്‍കിയത്. സംഭവത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. സ്റ്റാഫ് നേഴ്സിനെ സസ്പെന്റ് ചെയ്തു. ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ക്ക് ജാഗ്രത കുറവ് ഉണ്ടായതായി കണ്ടെത്തി. കേസ് ഷീറ്റ് നോക്കാതെയാണ് നേഴ്‌സ് രക്തം നല്‍കിയത് എന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി എന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


കഴിഞ്ഞ തിങ്കളാഴ്ചയാണ് എട്ട് മാസം ഗര്‍ഭിനിയായ റുക്സാന മാതൃ ശിശു ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ രക്തം നല്‍കി. പിന്നീട് വ്യാഴാഴ്ച്ചയാണ് രക്തം മാറി നല്‍കിയത്. യുവതി നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.