08 May 2024 Wednesday

പൊന്നാനിയിൽ പാസ്പോർട്ട് സേവാകേന്ദ്രം വരുന്നു.

ckmnews

പൊന്നാനിയിൽ പാസ്പോർട്ട് 

സേവാകേന്ദ്രം വരുന്നു.


പുതിയ പാസ്പോർട്ട് സേവാകേന്ദ്രം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് പൊന്നാനിയിൽ തുടങ്ങുമെന്ന് കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസർ എം. റഹീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി നിലവിലുള്ള നിർദേശമാണ് അവസാനഘട്ടത്തിലെത്തിയത്.


പൊന്നാനിയിൽ രണ്ട് സ്ഥലങ്ങളിലായി കെട്ടിടം കണ്ടെത്തിയെന്നും അന്തിമതീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 534 പാർലമെന്റ് മണ്ഡലങ്ങളിലും പാസ്‌പോർട്ട് സേവാകേന്ദ്രം തുടങ്ങുമെന്ന് 2018-ൽ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിനു കീഴിൽ പുതിയ കേന്ദ്രം തുടങ്ങുന്നത്. മലപ്പുറത്തെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി, പാലക്കാട്ടെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പൊന്നാനി മണ്ഡലം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 13,56,408 വോട്ടർമാർ ഉണ്ടെന്നിരിക്കെ അതിലും കൂടുതൽ ആളുകൾക്ക് ഈ സേവാകേന്ദ്രം പ്രയോജനപ്പെടും.


മലപ്പുറം ജില്ലാ പോലീസ് ഓഫീസ് റോഡിൽ പ്രവർത്തിക്കുന്ന സേവാ കേന്ദ്രത്തിൽ പ്രവൃത്തിദിവസങ്ങളിൽ തിരക്കൊഴിഞ്ഞു നേരമില്ല. പൊന്നാനി, താനൂർ, തിരൂർ തുടങ്ങിയ തീരദേശ മേഖലകളിലുള്ളവർക്ക് പാസ്പോർട്ട് ആവശ്യത്തിനായി മലപ്പുറത്തെത്തി തിരിച്ചുപോകുന്നത് ഏറെ ശ്രമകരമാണ്. കോഴിക്കോട് റീജണൽ ഓഫീസിനു കീഴിലാണ് മലപ്പുറം പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്. പുതുതായി വരുന്ന പാസ്പോർട്ട് സേവാകേന്ദ്രത്തിന് നഗരസഭയുടെ ഭാഗത്തുനിന്ന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്ന് പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. ജില്ലയുടെ ഏറ്റവും തെക്കെയറ്റത്തുള്ള താലൂക്കുകളാണ് പൊന്നാനി, തിരൂർ എന്നിവ. കൂടുതൽ പ്രവാസികളുള്ള സ്ഥലം കൂടിയാണിത്. കേന്ദ്രംവരുന്നത് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.