08 May 2024 Wednesday

കുടുംബ പ്രശ്‌നങ്ങളിൽ സ്ത്രീധന വിഷയം കൂടി വരുന്നു:വി.ആർ മഹിളാമണി

ckmnews


പൊന്നാനി:അദാലത്തുകളിൽ സ്തീധനം സംബന്ധിച്ച് പ്രശ്‌നങ്ങൾ കൂടുതലായി കണ്ടുവരുന്നതായി വനിതാ കമ്മീഷൻ അംഗം വി.ആർ മഹിളാമണി. കേരള വനിതാ കമ്മീഷനും തവനൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയും സംയുക്തമായി 'സ്ത്രീ സുരക്ഷ' എന്ന പേരിൽ സംഘടിപ്പിച്ച സബ് ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ലഭിച്ച സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ വീട്ടുകാരിൽ നിന്നും കൂടുതൽ സ്വർണ്ണം വാങ്ങിയെടുക്കാൻ ഭാര്യയെ നിർബന്ധിക്കുന്ന ഭർത്താവും വീട്ടുകാരും ഇന്നും നിലനിൽക്കുന്നുണ്ട്.പലയിടത്തും സ്ത്രീധനത്തിന്റെ പേരിലുള്ള അക്രമവും കൊലപാതകവും ഇപ്പോഴും തുടരുന്നുണ്ട്.വിദ്യാഭ്യാസത്തേക്കാൾ വലുതല്ല വിവാഹം എന്ന ചിന്ത മാതാപിതാക്കൾ ഉയർന്നുവരണമെന്നും വലിയ സ്ത്രീധനം നൽകി നമ്മുടെ പെൺകുട്ടികൾക്ക് ഒരു കൊലയാളിയെ വാങ്ങി നൽകേണ്ടതുണ്ടോയെന്ന് മാതാപിതാക്കളും ആലോചിക്കണം.സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമങ്ങൾക്കൊപ്പം പൊതുസമൂഹത്തിൽ അവബോധം വളർത്തിയെടുക്കാനും ജാഗ്രതാ സമിതികൾക്ക് കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു.തവനൂർ കെ.സി.എ.ഇ.ടി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കില ഫാക്കൽറ്റി കെ.ജി ശശികല, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി എന്നിവർ ക്ലാസെടുത്തു. തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എ.കെ പ്രേമലത, ബ്ലോക്ക് അംഗം ഷീജ, തവനൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിഷ മോഹൻ,പഞ്ചായത്തംഗം ബാലകൃഷണൻ,ഐ.സി.ഡി.എസ് സൂപ്പർവൈസർ മാനസ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്,ആശാ പ്രവർത്തകർ അങ്കണവാടി അധ്യാപകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.