08 May 2024 Wednesday

പൊന്നാനി തീരത്ത് കടൽഭിത്തി നിർമാണം അന്തിമഘട്ടത്തിൽ

ckmnews

പൊന്നാനി തീരത്ത് കടൽഭിത്തി നിർമാണം അന്തിമഘട്ടത്തിൽ


പൊന്നാനി:കടലേറ്റം തടയുന്നതിനായി പൊന്നാനി തീരത്ത് കടൽഭിത്തിയുടെ നിർമാണം അന്തിമഘട്ടത്തിൽ. കടൽ ക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ നിർമാണം 70 ശതമാനത്തോളം പണി പൂർത്തീകരിച്ചു. രണ്ടു പാളികളായി നിർമിക്കുന്ന കടൽഭിത്തിയുടെ അടിഭാഗത്ത് 7.6 മീറ്റർ വീതിയും മുകളിൽ  മീറ്റർ വീതിയും ഉണ്ടാകും. 2.8 മീറ്റർ ഉയരമാണ് ഭിത്തിക്കുണ്ടാവുക. 35 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടും 30 ലക്ഷം രൂപയുടെ ജലസേചനവകുപ്പ് ഫണ്ടും ചേർന്ന് 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കൂടാതെ ദുരന്തനിവാരണ വകുപ്പിൽ നിന്ന് 16 ലക്ഷം രൂപ ചില്ലവഴിച്ച് മുല്ല റോഡ് പ്രദേശത്ത് ജിയോബാഗിന്റെ  നിർമാണവും പുരോഗമിക്കുന്നുണ്ട്. 134 മീറ്റർ നീളത്തിലാണ് ജിയോബാഗ് സ്ഥാപിക്കുന്നത്. ഇതോടെ പൊന്നാനിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ തീരസംരക്ഷണത്തിനായി 81 ലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാവുന്നത്. കൂടാതെ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി, വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെയുള്ള പ്രദേശങ്ങളിലായി 1084 മീറ്റർ കടൽഭിത്തി നിർമിക്കാൻ 10 കോടി രൂപയുടെ പദ്ധതിയും ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്.പൊന്നാനി നഗരസഭയിലെ അലിയാർ പള്ളിമുതൽ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് കടൽഭിത്തി നിർമിക്കുക.