09 May 2024 Thursday

ഓണാഘോഷത്തിനിടെ പ്ലസ് ടു - പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം സ്ക്കൂളിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് രക്ഷിതാക്കൾ

ckmnews


കുന്നംകുളം:പെരുമ്പിലാവ് അൻസാർ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിനിടെ പ്ലസ് ടു - പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിൽ ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സ്ക്കൂളിൽ നിന്നും പുറത്താക്കിയ പ്രിൻസിപ്പാളിൻ്റെ നടപടി റദ്ദാക്കി വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് രക്ഷിതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആഗസ്റ്റ് 26ന് നടന്ന ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് നിസ്സാര പരിക്കേറ്റിരുന്നു. ജനാധിപത്യപരമായ യാതൊരു നടപടിക്രമങ്ങളും സ്വീകരിക്കാതെയാണ് പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ പുറത്താക്കിയതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് ബാലാവകാശ - മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനമാണ് പ്രിൻസിപ്പാൾ സ്വീകരിക്കുന്നത്.രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും പുറത്താക്കിയവരെ തിരിച്ചെടുക്കാൻ പ്രിൻസിപ്പാൾ തയ്യാറാകുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. രക്ഷിതാക്കളായ കെ എം ഷബീർ,എടി അബൂബക്കർ, ടിവി നൗഷാദ്, മുഹമ്മദ് അസ്ലം, എൻഎ. താഹിർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


എന്നാൽ ഓണാഘോഷത്തിനു മുൻപ് സംഘർഷം ഉണ്ടാവുകയും സംഘർഷത്തിനിടയായ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ നൽകുകയും ചെയ്തിരുന്നു. പിന്നീട് സംഘർഷം ഉണ്ടാകരുതെന്ന കർശന താക്കീതോടെയാണ് വിദ്യാർഥികളെ തിരിച്ചെടുത്തത്. എന്നാൽ അടുത്ത ദിവസം നടന്ന ഓണാഘോഷത്തിൽ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച സാഹചര്യത്തിലാണ് കൂടുതൽ അനിഷ്ട സംഭവങ്ങളിലേക്ക് പോകാതിരിക്കാൻ 6 വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം