08 May 2024 Wednesday

പൊന്നാനി വഴി ഗുരൂവായൂരിലേക്ക് റെയിൽപാത:തീരദേശ പാതക്ക് വഴിയൊരുങ്ങുന്നു

ckmnews



പൊന്നാനി:തീരദേശ വാസികളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുകയാണ്.തിരുനാവായയിൽ നിന്ന് പൊന്നാനി വഴി ഗുരുവായൂരിലേക്ക് ട്രെയിൻ എന്ന സ്വപ്നത്തിലേക്ക് ഒരു ചുവട് കൂടി അടുത്തെത്തി.സർവേ നടപടികൾക്കാണ് അധികൃതർ തുടക്കം കുറിച്ചത്. തീരദേശ റെയിൽപാതയിൽ 4 റെയിൽവേ സ്റ്റേഷനുകളാണ് ഉണ്ടാവുക റൂട്ടിലെ പ്രധാന സ്റ്റേഷൻ പൊന്നാനിയും.കുണ്ടുകടവ് ജംക്‌ഷനിലാണു സ്റ്റേഷൻ നിർമിക്കുക. മലബാറിന്റെ മക്കയെന്നും തുറമുഖ നഗരമെന്നും ചരിത്രവിശേഷണമുള്ള പൊന്നാനിയിലേക്കു മറ്റൊരു നിയോഗമാവും റെയിൽവേ.ദേശീയപാതയും റെയിൽവേയും സംഗമിക്കുന്ന ഭാഗമെന്ന പ്രത്യേകത കൂടി ഈ നാടിനുണ്ടാകും. മലബാറിൽ വൻ വികസന മുന്നേറ്റങ്ങൾക്കു വഴി തുറന്നുകൊണ്ടാണു പുതിയ പദ്ധതി തയാറാക്കുന്നത്. 


ഗുരുവായൂരിൽ തൃശൂർ പാത വന്നെത്തുന്ന ഭാഗത്തുനിന്നു പടിഞ്ഞാറു ഭാഗത്തേക്കു നീട്ടി കനോലി കനാലിന്റെ കിഴക്കു ഭാഗത്തു കൂടി റെയിൽപാത കൊണ്ടുപോകാനാണു നീക്കം. സർവേ നടപടികൾ പൂർത്തിയായാൽ മാത്രമേ കൃത്യമായ റൂട്ട് ഉറപ്പാവുകയുള്ളൂ.കനാലിനു പരമാവധി 45 മീറ്റർ വീതി ഉറപ്പാക്കികൊണ്ടായിരിക്കും റെയിൽപാതയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കുക. കനാലിന് സമാന്തരമായി കടന്നുവരുന്ന പാത പൊന്നാനിയിൽ കുണ്ടുകടവ് ജംക്‌ഷനു സമീപത്തേക്ക് എത്തിക്കും. പൊന്നാനിയിൽനിന്നു ദേശീയപാത ക്രോസ് ചെയ്തു ഭാരതപ്പുഴ കടക്കും.


തിരുനാവായ പദ്ധതിയാണ് അന്തിമമാക്കുന്നതെങ്കിൽ പാത തവനൂരിലേക്കെത്തിയ ശേഷമായിരിക്കും പുഴ കടക്കുക. തിരൂർ പരിഗണിക്കുകയാണെങ്കിൽ ചമ്രവട്ടം റഗുലേറ്ററിനു സമീപത്തുനിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെയായി പുഴ ക്രോസ് ചെയ്യും. ഇൗ പദ്ധതിയിൽ പൊന്നാനി കഴിഞ്ഞാൽ പിന്നെ പുഴ കടന്നു തിരൂർ ഭാഗത്തായിരിക്കും അടുത്ത സ്റ്റേഷനുണ്ടാവുക. ഇൗ റൂട്ട് ഏറെ എളുപ്പമാർഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്