09 May 2024 Thursday

കലശമലയില്‍ സ്ഥിരം വേദിയും ഹാളും നിര്‍മിക്കും:എ.സി മൊയ്തീൻ എംഎൽഎ

ckmnews

കലശമലയില്‍ സ്ഥിരം വേദിയും ഹാളും നിര്‍മിക്കും:എ.സി മൊയ്തീൻ എംഎൽഎ


കുന്നംകുളം:കലശമലയിൽ സ്ഥിരം വേദിയും ഹാളും നിർമിക്കാൻ നടപടിയെടുക്കുമെന്ന് എ. സി മൊയ്തീൻ എംഎൽഎ. കുന്നംകുളത്തിൻ്റെ കേന്ദ്രീകൃത ഓണാഘോഷം കലശമലയിൽ ഓണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഗരഹൃദയത്തിലെ ഇക്കോ ടൂറിസം വില്ലേജായ ഇവിടെ 10 കോടി രൂപയുടെ വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്കാണ് ഓണാഘോഷം പോലെയുള്ള വലിയ പരിപാടികൾ നടത്താൻ കഴിയുന്ന തരത്തിൽ വേദിയും ഹാളും നിർമിക്കുകയെന്നും മൊയ്തീൻ കൂട്ടിച്ചേർത്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് അധ്യക്ഷയായി. കുന്നംകുളം നഗരസഭാ ചെയർ പേഴ്സൺ സീത രവീന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി.സാംസ്കാരിക പ്രവർത്തകൻ വി. കെ ശ്രീരാമൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം അഷ്റഫ്, കലാമണ്ഡലം നിർവാഹക സമിതിയംഗം ടി. കെ വാസു, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ. രാമകൃഷ്ണൻ, ചിത്ര വിനോബാജി, ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, കെ. ജി പ്രമോദ്, എൻ. എസ് സുമേഷ്, ജിഷ ശശി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. എൻ സത്യൻ, നിമിഷ വിഗിഷ്, കെ. എം വിനോദ് എന്നിവർ സംസാരിച്ചു. 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ സഹകരണത്തോടെ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തും പോർക്കുളം, ചൊവ്വന്നൂർ പഞ്ചായത്തുകളും സംയുക്തമായാണ് തുടർച്ചയായി രണ്ടാം വർഷവും കലശമലയിൽ ഓണം എന്ന പേരിൽ ആഘോഷങ്ങൾ  സംഘടിപ്പിക്കുന്നത്.ആഘോഷത്തിൻ്റെ  ഭാഗമായി ഇന്ന് ഗാനോത്സവ് നടക്കും.