08 May 2024 Wednesday

ഓളപ്പരപ്പിൽ ആവേശം കത്തിക്കയറും: ബിയ്യം കായൽ വള്ളം കളി ഇന്ന് നടക്കും

ckmnews

ഓളപ്പരപ്പിൽ ആവേശം കത്തിക്കയറും: ബിയ്യം കായൽ വള്ളം കളി ഇന്ന് നടക്കും


മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളം കളി ഇന്ന് നടക്കും.ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരം കായിക, വഖഫ്, ഹജ്ജ് വകുപ്പ്  മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും.ചടങ്ങില്‍ പി. നന്ദകുമാർ എം എൽ.എ അധ്യക്ഷനാകും. 

ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. കെ.ടി. ജലീൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.


ഓണം വാരാഘോഷത്തിന്റെ ഭാഗമായി അവിട്ടം നാളിലാണ് ബിയ്യം കായൽ വള്ളംകളി നടക്കുന്നത്.

ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, പൊന്നാനി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം  നടക്കുന്നത്.12 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 29 വള്ളങ്ങളാണ്

ഇത്തവണ മത്സരത്തിൽ മാറ്റുരക്കുന്നത്.കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായല്‍ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകള്‍.മത്സരത്തിന് മുന്നോടിയായി തുഴച്ചില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അവസാന വട്ട തീവ്ര പരിശീലനത്തിലാണ് ഓരോ ടീമും .ആർപ്പുവിളികളാലും ആവേശത്തിരയിളക്കത്താലും ബിയ്യം കായലിന്റെ ഇരു കരകളും ആവേശത്തോടെ കായലിലെ ജലരാജൻ ആരാകുമെന്ന കാത്തിരിപ്പിലാണ്.