08 May 2024 Wednesday

പൊന്നാനിയിൽ കടൽഭിത്തി നിർമിക്കാൻ അടിയന്തര ഇടപെടൽ: 81 ലക്ഷം രൂപ അനുവദിച്ചു

ckmnews


പൊന്നാനി: മണ്ഡലത്തിലെ തീരദേശത്ത് അടിയന്തരമായി കടൽഭിത്തി നിർമിക്കാൻ 81 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഹിളർപള്ളി പരിസരത്ത് കടൽഭിത്തി നിർമിക്കാൻ 65 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 218 മീറ്റർ സ്ഥലത്താണ് ഇവിടെ ഭിത്തി നിർമിക്കുക. മുല്ല റോഡ് പ്രദേശത്ത് 134 മീറ്റർ ജിയോബാഗ് സ്ഥാപിക്കാൻ ദുരന്തനിവാരണ വകുപ്പിൽനിന്ന് 16 ലക്ഷം രൂപയും അനുവദിച്ചു.


ഈ മാസത്തിലുണ്ടായ ശക്തമായ മഴയിൽ മേഖലയിൽ രൂക്ഷമായ കടലേറ്റമാണുണ്ടായത്. ഒട്ടേറെ വീടുകൾ തകർന്നു. ചില വീടുകൾ പൂർണമായും കടലെടുത്തു.


കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണ് കടലേറ്റം ശക്തമായത്. മീറ്ററുകളോളം കരഭാഗമാണ് കടലെടുത്തത്. ഈ ഭാഗത്തെ കെട്ടിടങ്ങളും തെങ്ങുകളുമെല്ലാം കടൽ കവർന്നു. കടലേറ്റം രൂക്ഷമായതോടെ പലരും വീടൊഴിയുന്ന സ്ഥിതിയായിരുന്നു. തീരവാസികൾക്കായി ദുരിതാശ്വാസക്യാമ്പും തുറന്നിരുന്നു. വലിയ നഷ്ടമാണ് കടലേറ്റം വരുത്തിവെച്ചത്.


കടലേറ്റം ശക്തമായിട്ടും കടൽഭിത്തി നിർമാണത്തിന് നടപടിയില്ലാത്തത് തീരവാസികളുടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മന്ത്രിക്കും എം.എൽ.എ.യ്ക്കും സബ് കളക്ടർക്കും നേരെ പ്രതിഷേധമുണ്ടായി. കടൽഭിത്തി നിർമിക്കാത്തത് സർക്കാരിന്റെ വീഴ്‌ചയാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നു. ഇതോടെയാണ് കടൽഭിത്തി നിർമാണത്തിനുള്ള നടപടികളാരംഭിച്ചത്. വിഷയം പി. നന്ദകുമാർ എം.എൽ.എ. മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.


നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടനെ നിർമാണം ആരംഭിക്കുമെന്നും പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി, വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പൊന്നാനി നഗരസഭയിലെ അലിയാർപള്ളി മുതൽ മരക്കടവ് വരെയുള്ള പ്രദേശങ്ങളിലായി 10 കോടി രൂപ ചെലവിൽ 1084 മീറ്റർ കടൽഭിത്തി നിർമിക്കാനുള്ള പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായതായും പി. നന്ദകുമാർ എം.എൽ.എ. അറിയിച്ചു.