09 May 2024 Thursday

മലപ്പുറം ചങ്ങരംകുളം സ്വദേശി പ്രദീപ് തലാപ്പിലിന് ഏനി അവാർഡ് സമ്മാനത്തുക 2 ലക്ഷം യൂറോ (1.78 കോടി ഇന്ത്യൻ രൂപ)

ckmnews



ചങ്ങരംകുളം:ഊർജമേഖലയിലെ രാജ്യാന്തര പ്രശസ്തമായ ഏനി അവാർഡ് മദ്രാസ് ഐഐടി രസതന്ത്ര വിഭാഗം പ്രഫസറും ചങ്ങരംകുളം  പന്താവൂർ സ്വദേശിയുമായ പ്രദീപ് തലാപ്പിലിന്. 2 ലക്ഷം യൂറോ (1.78 കോടി രൂപ) യാണ് സമ്മാനത്തുക.നാനോ കെമിസ്ട്രി അടിസ്ഥാനമാക്കി ജല ശുദ്ധീകരണ സംവിധാനം വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട ഗവേഷണത്തിനും കണ്ടുപിടിത്തത്തിനുമാണ് പുരസ്കാരം.


റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ കമ്പനിയായ ഏനി, ഈ രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്ക് ഏർപ്പെടുത്തിയതാണ് പുരസ്കാരം. നൊബേൽ സമ്മാന ജേതാക്കളുൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 


അഡ്വാൻസ്ഡ് എൻവയൺമെന്റ് സൊലുഷൻ വിഭാഗത്തിലാണ് പ്രദീപ് തലാപ്പിലിനു പുരസ്കാരം ലഭിച്ചത്. വിഷാംശം നീക്കി ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം ചെലവു കുറഞ്ഞതും എല്ലാവർക്കും പ്രാപ്യവുമാക്കിയെന്നതാണ് പ്രദീപ് തലാപ്പിലിന്റെ കണ്ടുപിടിത്തത്തിന്റെ പ്രത്യേകത.  രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രദീപ് തലാപ്പിൽ, രാജ്യന്തര പ്രശസ്തമായ വിൻ ഫ്യൂച്ചർ, പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 


∙ ഏറ്റവും ആധുനികമായ മാർഗങ്ങൾ ഉപയോഗിച്ച് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനത്തിന് രാജ്യാന്തര തലത്തിൽ അംഗീകാരവും ബഹുമതിയും ലഭിക്കുന്നതിൽ സന്തോഷമുണ്ട്. കുറഞ്ഞ ചെലവിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനും എല്ലാവരിലേക്കും എത്തിക്കുന്നതിനും ഇത്തരം നേട്ടങ്ങൾ വഴിയൊരുക്കുമെന്നും പ്രദീപ് തലാപ്പിൽ പറഞ്ഞു