09 May 2024 Thursday

അക്കിക്കാവ്,കടങ്ങോട്,എരുമപ്പെട്ടി ഹൈടെക് റോഡിലെ വെള്ളക്കെട്ട് നാട്ടുകാരെ വലയ്ക്കുന്നു

ckmnews


പെരുമ്പിലാവ് :14 കോടി രൂപ ചെലവിട്ടു നിർമിച്ച അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി ഹൈടെക് റോഡിലെ വെള്ളക്കെട്ട് നാട്ടുകാരെ വലയ്ക്കുന്നു.കാനകൾ ഇല്ലാത്ത ഭാഗത്താണു വെള്ളക്കെട്ട് രൂക്ഷം. പലരുടെയും വീടിന്റെ മുറ്റത്തേക്കാണു വെള്ളം ഒലിച്ചെത്തുന്നത്.തിപ്പലിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്തു നിന്നും കുത്തിയൊലിച്ചെത്തുന്ന വെള്ളം ഒഴുകി പോകാൻ ഇടമില്ലാത്തതാണു പ്രശ്നം.ഈ ഭാഗങ്ങളിൽ കാന നിർമിച്ചിട്ടില്ല. കനത്ത മഴ പെയ്താൽ എഎൽപി സ്കൂളിനു സമീപം റോഡു നിറഞ്ഞാണു വെള്ളം ഒഴുകുന്നത്.കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരുന്ന റോഡിന്റെ നിർമാണം.6 മാസം മുൻപാണ് ഉദ്ഘാടനം നടത്തിയത്.പദ്ധതി പ്രകാരം 10 മീറ്റർ വീതിയുള്ള ഭാഗത്തു മാത്രമേ കന നിർമാണത്തിന് അനുമതി ഉണ്ടായിരുന്നുള്ളൂ. കാന നിർമിക്കാതെ റോഡ് നിർമാണം തുടർന്നപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.വെള്ളക്കെട്ട് പരിഹരിക്കാൻ മറ്റു മാർഗങ്ങൾ തേടുമെന്നു അധികൃതർ പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.