09 May 2024 Thursday

പള്ളിക്ക സി.എച്ച്.യൂത്ത് സെന്റർ ഈദ് സുഹൃദ് സമ്മേളനം ശ്രദ്ധേയമായി

ckmnews


ചങ്ങരംകുളം:പള്ളിക്ക സി.എച്ച്.യൂത്ത് സെന്റർ ഒരുക്കിയ ഈദ് സുഹൃദ് സമ്മേളനം ജനബാഹുല്യം കൊണ്ടും,മത,രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രഗൽഭരുടെ സാന്നിദ്യം കൊണ്ടും, മാപ്പിളകലകളും, ഗാനമേളയും കോർത്തിണക്കിയ ഇശൽവിരുന്നു കൊണ്ടും ശ്രദ്ധേയമായി.ചങ്ങരംകുളം സ്നേഹ ഓഡിറ്റേറിയത്തിൽ തിങ്ങി നിറഞ്ഞ പള്ളിക്കരക്കാരുടെ സാംസ്കാരികോത്സവത്തിന്റെ പ്രതീതി ഉളവാക്കുന്ന രണ്ടാം ബലി പെരുന്നാൾ ദിനത്തിൽ ഒരുക്കിയ 38-ാം മത് ഈദ് സുഹൃദ് സമ്മേളന ചടങ്ങ് മുൻ എം.എൽ എ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. എം.വി ബഷീർ അധ്യക്ഷത വഹിച്ചു.ചങ്ങരംകുളം മേഖലക്ക് അഭിമാനമായി ഡെപ്യൂട്ടി കലക്ടർ സ്ഥാനം വരെ അലങ്കരിച്ച് വ്യക്തി ജീവിതവിശുദ്ധിയോടെ മൂന്നര പതിറ്റാണ്ട് കാലത്തെ ഒദ്യോഗിക ജീവിതം പൂർത്തിയാക്കുകയും, മത- വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്യമായ പി.പി.അഷ്റഫിനെ ചടങ്ങിൽ വെച്ചു 10-ാം മത് പി.മുത്തുക്കോയ തങ്ങൾ സ്മാരക പുരസ്കാരം നൽകി ആദരിച്ചു.പി.വി.നാസർ പുരസ്കാര ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി.പ്രശസ്ത കവി ആലംങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.എം.ബി.ബി.എസ്സ് . കോഴ്സ് പൂർത്തീകരിച്ച പള്ളിക്കരയുടെ അഭിമാനമായി മാറിയ നിദാ പെർവിൻ, ഇർഫാൻ മഹ്മൂദ്, ഷംറിൻ ശംസു, എന്നിവരെ മൊമന്റോ നൽകി ആദരിച്ചു.അഷ്റഫ് കോക്കൂർ, പി.പി.യൂസഫലി സി.എം.യൂസഫ്, നാഹിർ ആലുങ്ങൽ, സാദിഖ് നെച്ചിക്കൽ, ജമീല മനാഫ്, എം.വി. ബഷീർ,താഹിർ ഇസ്മായിൽ,തുടങ്ങിയ പ്രമുഖർ ചടങ്ങിന് ആശംസകൾ നേർന്നു.ജനപ്രിയ മാപ്പിള കലയായ കോൽക്കളിയെ എന്നും നെഞ്ചോട് ചേർത്തു വെച്ച പള്ളിക്കരയിലെ പഴയ കാല കോൽക്കളി അംഗങ്ങൾ അവതരിപ്പിച്ച വടക്കൻ കോൽക്കളിയെ കയ്യടികളോടെ സദസ്സ് വരവേറ്റു. പള്ളിക്കരയുടെ പഴയ കാല കോൽക്കളി ആചാര്യനായ എം.പി.മുഹമ്മദിനെ സദസ്സിൽ വെച്ച് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ജന: സെക്രട്ടറി ടി.വി.നാസീർ ആദരിച്ചു.കോഴിക്കോട് അറേബ്യൻ സിസ്റ്റേഴ്സ് അവതരിപ്പിച്ച ഇശൽ നൈറ്റ് ഏറെ ഹൃദ്യമായിരുന്നു. കാട്ടിൽ അഷ്റഫ് സ്വാഗതവും,എം.കെ. ഇക്ബാൽ നന്ദിയും പറഞ്ഞു.എം.പി.അബ്ദുള്ളകുട്ടി ഖിറാഅത്ത് നടത്തി.