09 May 2024 Thursday

ഇടവപ്പാതിയും കഴിഞ്ഞു തിരുവാതിര ഞാറ്റുവേല പടിവാതിൽക്കലെത്തിയിട്ടും മഴയില്ല:ആശങ്കയോടെ കർഷകർ

ckmnews



ചങ്ങരംകുളം:ഇടവപ്പാതിയും കഴിഞ്ഞു തിരുവാതിര ഞാറ്റുവേല പടിവാതിൽക്കലെത്തിയിട്ടും മഴ മാറിനിൽക്കുന്നത്  കർഷകരെ ആശങ്കയിലാക്കുന്നു.ഇടവപ്പാതിയിൽ നിറഞ്ഞു കവിയേണ്ട പാടശേഖരങ്ങളിലൊന്നും വെള്ളം ആവശ്യത്തിനില്ല.ഇതോടെ പാടശേഖരങ്ങളിലെല്ലാം കള നിറഞ്ഞു. സാധാരണ കളകളെല്ലാം വെള്ളം മൂടിക്കിടന്ന് ചീഞ്ഞുപോകാറാണ് പതിവ്. ഇത്തവണ കൃഷിയിറക്കണമെങ്കിൽ കള കളയാൻ തന്നെ കർഷകർക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വരും. കൃഷിയിറക്കാൻ കൂടുതൽ തവണ പൂട്ട് നടത്തണം.എന്നിട്ടും പോകാത്ത കളകൾ പറിച്ചുകളയണം.രാസപദാർഥങ്ങളടങ്ങിയ കളനാശിനികൾ പ്രകൃതിക്ക് ദോഷമായതിനാൽ പ്രയോഗിക്കാനും കഴിയില്ല.ഏക്കറിന് 5000 രൂപയിലധികം കള മാറ്റാൻ തന്നെ ചെലവ് വരുമെന്ന് കർഷകർ പറയുന്നു.മുണ്ടകൻ കൃഷിക്കായി ഓഗസ്റ്റിലാണ് കോൾപാടശേഖരങ്ങളിൽ കൃഷിയൊരുക്കം തുടങ്ങുക. മഴ ഇപ്പോൾ മാറിനിൽക്കുന്നത് കൃഷിയൊരുക്കം അവതാളത്തിലാക്കുമെന്ന് കർഷകർ പറയുന്നു.കഴിഞ്ഞ കൃഷിയുടെ നെല്ലിന്റെ പണം ഇനിയും പൂർണമായി ലഭിക്കാത്തതും കർഷകരെ വിഷമത്തിലാക്കുന്നുണ്ട്.