ജനങ്ങളുടെ പരാതികളില്‍ പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് കഴിഞ്ഞു: മന്ത്രി വി അബ്ദുറഹിമാന്‍

പൊന്നാനി:നടപടി ക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കില്‍പ്പെട്ട പരാതികള്‍ കൃത്യമായി പരിശോധിച്ച് അടിയന്തര പരിഹാരം കാണാന്‍ പരാതിപരിഹാര അദാലത്തുകള്‍ വഴി സാധ്യമായെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍.ചെമ്മാട് തൃക്കുളം ഗവ.ഹൈസ്‌കൂളില്‍ നടന്ന ‘കരുതലും കൈത്താങ്ങും’-തിരൂരങ്ങാടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കില്‍പ്പെട്ട പരാതികള്‍ കൃത്യമായി പരിശോധിച്ച് 15 ദിവസത്തിനകം തന്നെ കാര്യക്ഷമമായി തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 615 പരാതികളില്‍ 72 പരാതികള്‍ ഉടനടി തീര്‍പ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, അസിസ്റ്റന്റ് കളക്ടര്‍ കെ മീര, എ.ഡി.എം. എന്‍.എം മെഹറലി, തിരൂരങ്ങാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി സുഹറാബി, നഗരസഭ കൗണ്‍സിലര്‍ ജാഫര്‍ കുന്നത്തേരി, മറ്റു ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.