26 April 2024 Friday

റോഡ് സുരക്ഷാ പാഠങ്ങൾക്കൊപ്പം കൈ നിറയെ സമ്മാനങ്ങളും:ശ്രദ്ധേയമായി മോട്ടോർ വാഹന വകുപ്പിന്റെ സെമിനാർ

ckmnews

റോഡ് സുരക്ഷാ പാഠങ്ങൾക്കൊപ്പം കൈ നിറയെ സമ്മാനങ്ങളും:ശ്രദ്ധേയമായി മോട്ടോർ വാഹന വകുപ്പിന്റെ സെമിനാർ


പൊന്നാനി:റോഡ് സുരക്ഷയുടെ പ്രാധാന്യവും നിരത്തുകളിലെ നല്ല ഡ്രൈവിങ് സംസ്‌കാരങ്ങളും ജനങ്ങളിലെത്തിച്ച് മോട്ടോർ വാഹന വകുപ്പിന്റെ സെമിനാർ. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൊന്നാനി എ.വി സ്‌കൂളിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ നടത്തിയ സെമിനാർ മലപ്പുറം റീജിയനൽ ട്രാൻസ്‌പോർട്ട് ഓഫീസർ സി.വി എം ഷെരീഫ് ഉദ്ഘാടനം ചെയ്തു. സംവേദനാത്മകമായ അവതരണത്തിലൂടെയും മനസിലുടക്കുന്ന വീഡിയോ, ഫോട്ടോ പ്രസന്റേഷനിലൂടെയും റോഡ് നിയമ ലംഘനങ്ങളുടെ ആഴത്തിലുള്ള അവബോധം പ്രേക്ഷകരിലെത്തിക്കാൻ സെമിനാറിന് കഴിഞ്ഞു. ക്ലാസുകൾ ഇൻട്രാക്ടീവായിരിക്കാൻ ചോദ്യോത്തരങ്ങളും ഉടനടി സമ്മാനങ്ങളും സെമിനാറിനെ വ്യത്യസ്തമാക്കി. പേനകളും മിഠായികളും  പ്രോത്സാഹന സമ്മാനങ്ങളും ബംപർ സമ്മാനമായി ഹെൽമറ്റും വിതരണം ചെയ്തു. 'റോഡ് സുരക്ഷ എന്ന വിഷയത്തിൽ തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ സന്തോഷ് കുമാർ ക്ലാസെടുത്തു. പുതിയ ഗതാഗത നിയമങ്ങൾ, ഇവ ജനങ്ങൾക്കുണ്ടാക്കുന്ന നേട്ടങ്ങൾ തുടങ്ങിയവ സെമിനാറിൽ ചർച്ച ചെയ്തു. പരിപാടിയിൽ പെരിന്തൽമണ്ണ എം.വി.ഐ പി.കെ മുഹമ്മദ് ഷഫീക്ക്, പൊന്നാനി എം.വി.ഐ ജസ്റ്റിൻ മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.