26 April 2024 Friday

എടപ്പാള്‍ മേല്‍പാല നിര്‍മാണം ഇഴയുന്നു:വ്യാപാരികള്‍ പ്രതിഷേധത്തില്‍

ckmnews

എടപ്പാൾ മേൽപ്പാല നിർമാണം ഇഴഞ്ഞു നീങ്ങുന്നു

 പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികൾ


എടപ്പാൾ: മേൽപാലം നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു.വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ജോലികൾ ഇപ്പോഴും അവസാന ഘട്ടത്തിലെത്തിയിട്ടില്ല. ടൗണിന്റെ വികസനത്തിന് എന്നും ഒപ്പം നിന്നിട്ടുള്ള വ്യാപാരി സമൂഹം ഏറെ ദുരിതങ്ങളും നഷ്ടങ്ങളും സഹിച്ചാണ് സഹകരിച്ചു പോരുന്നത്. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റിന്റെ നേതൃത്വത്തിൽ 22ന് 10ന് പ്രതിഷേധ സൂചനാ സമരം ‘ജീവിക്കാനായ് വ്യാപാരികൾ’ സംഘടിപ്പിക്കുന്നത്. 


വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാഴ്ത്തിക്കെ‍ാണ്ട് അനന്തമായി നീളുന്ന മേൽപാലം നിർമാണം ഉടൻ പൂർത്തീകരിക്കുക, എടപ്പാളിലെ വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കാതിരിക്കുക, നിർമാണം നടക്കുന്ന സമയത്ത് മാത്രം റോഡുകൾ അടച്ചിടുക, സമാന്തര ബൈപാസ് റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ വെ‍ാളന്റിയർമാരെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.


മേയിൽ ജോലികൾ പൂർത്തീകരിച്ച് പാലം തുറക്കുമെന്നാണ് നിയോജക മണ്ഡലം എംഎൽഎയും മന്ത്രിയുമായ കെ.ടി.ജലീലും ഉദ്യോഗസ്ഥരും അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ മൂലം ഇത് പാലിക്കാനായില്ല.  ഒടുവിലാണ് ഡിസംബറിൽ തീർക്കുമെന്ന് അറിയിച്ചത്. അവശേഷിക്കുന്ന 3 മാസത്തിനകം പൂർത്തീകരിക്കാനാകില്ലെന്നത് വ്യക്തമാണ്.  നിലവിൽ ജോലികൾ മന്ദഗതിയിലാണ്. ഏതാനും തെ‍ാഴിലാളികളാണ് ജോലിക്കുള്ളത്. 


തൃശൂർ–കോഴിക്കോട് റോഡുകൾ ബന്ധിപ്പിക്കുന്ന ടൗണിലെ നീളമേറിയ ബീമിന്റെ നിർമാണം പോലും ഇനിയും ആരംഭിച്ചിട്ടില്ല. ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചാണ് വ്യാപാരികൾ സഹകരിക്കുന്നത്. ഉപയോക്താക്കളിൽ പലരും ഇതിനോടകം എടപ്പാളിനെ കയ്യെ‍ാഴിഞ്ഞു. ഹോട്ടലുകൾ ഉൾപ്പെടെ പല സ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.  വാടക നൽകാൻ പോലുമുള്ള തുക പലർക്കും ലഭിക്കുന്നില്ല. നൂറുകണക്കിന് തെ‍ാഴിലാളികളും ദുരിതത്തിലായി.


കുറ്റിപ്പുറം റോഡ് ഒരു ഭാഗം അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കാൻ ആളില്ലാതാവുകയും ചെയ്തതോടെ ദുരിതം ഇരട്ടിച്ചു.  സമാന്തര റോഡുകൾ പൂർണമായും തകർന്നു കിടക്കുന്നു. കാൽനടയായി പോലും ഇതിലൂടെ പോകാനാകാത്ത അവസ്ഥയാണ്. പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ ഇടപെടുന്നില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് വ്യാപാരികളുടെ തീരുമാനം.