09 May 2024 Thursday

കൊറോണഭീതി:ജില്ലയില്‍ കളിക്കളങ്ങള്‍ ഒഴിഞ്ഞു നൂറ് കണക്കിന് ഫുട്ബോള്‍ മേളകള്‍ മാറ്റി

ckmnews

കൊറോണഭീതി:ജില്ലയില്‍ കളിക്കളങ്ങള്‍ ഒഴിഞ്ഞു


നൂറ് കണക്കിന് ഫുട്ബോള്‍ മേളകള്‍ മാറ്റി


ചങ്ങരംകുളം:കൊറോണഭീതിയിലായ ജനങ്ങള്‍ക്ക് സര്‍ക്കാരും ആരോഗ്യവകുപ്പും ചേര്‍ന്ന് കൂട്ടം ചേരുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ജില്ലയിലെ ചെറുതും വലുതുമായ  കളിക്കളങ്ങളും കളം ഒഴിഞ്ഞു.ജില്ലയുടെ വിവിധ ഗ്രാമങ്ങളില്‍ നടന്ന് വരാറുള്ള ചെറുതും വലുതുമായ നൂറ് കണക്കിന് ഫുട്ബോള്‍ മേളകളാണ് കൊറോണ നിയന്ത്രണ മുന്‍കരുതലുകളുടെ ഭാഗമായി നിര്‍ത്തി വെച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘം ചേര്‍ന്ന് ഫുട്ബോള്‍ കളിയില്‍ ഏര്‍പ്പെട്ട കുട്ടികള്‍ക്കും യുവാക്കള്‍ക്കും അതത് പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്ധ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഇത്തരത്തില്‍ കൂട്ടം ചേര്‍ന്നുള്ള ഫുട്ബോള്‍ അടക്കമുള്ള കളികളില്‍ ഏര്‍പ്പെടരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ സ്വയം നിരീക്ഷിക്കുന്നതിനും പരസ്പരം സഹകരിച്ച് സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നതിനും തയ്യാറാവുന്നുണ്ട്.തീയറ്ററുകളും മറ്റു ആഘോഷവേദികളും ഉത്സവങ്ങളും ഇപ്പോ കളിക്കളങ്ങളും കാലിയായതോടെ സിറ്റികളെ പോലെ തന്നെ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ആളൊഴിഞ്ഞ അവസ്ഥയിലാണ്.ഗള്‍ഫ് മേഖലയിലെ നിയന്ത്രണങ്ങള്‍ പ്രവാസികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.കച്ചവടം കുറഞ്ഞതോടെ വ്യാപാരികള്‍ പലരും തൊഴിലാളികള്‍ക്ക് അവധി നല്‍കി.നഷ്ടം താങ്ങാതെ പലരും സ്ഥാപനങ്ങള്‍ അടച്ച് തുടങ്ങിയിട്ടുണ്ട്.