26 April 2024 Friday

മഹാകവി വള്ളത്തോളിന്റെ സ്മരണക്കായി മംഗലത്ത് പുഴയോര പൂങ്കാവനം ഒരുങ്ങുന്നു

ckmnews


പൊന്നാനി: മഹാകവി വള്ളത്തോളിന്റെ ജന്മനാട്ടിൽ  തിരൂർ-പൊന്നാനി പുഴയോരത്ത് കവിക്ക് സ്മാരകമുയരുന്നു.മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മഹാകവിയുടെ ഓർമക്കായി സ്മാരകമുണ്ടാക്കുന്നത്.കവിയുടെ ജന്മനാടായ തിരൂരിനടുത്ത് മംഗലം  ചേന്നരയിലെ പെരുന്തിരുത്തി-വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് മഹാകവി വള്ളത്തോൾ സ്മാരക പുഴയോര പൂങ്കാവനം ഉയരുന്നത്.മുട്ടന്നൂരിലെ പൊതുപ്രവർത്തകൻ സലാം പൂതേരി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് സ്മാരകം നിർമിക്കുന്നത്. ഇതിനായി മംഗലം പഞ്ചായത്ത് ആദ്യഘട്ടത്തിൽ 14 ലക്ഷം രൂപ വിലയിരുത്തി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പതിവ് സ്മാരക നിർമാണ ശൈലിയിൽ നിന്നും വ്യത്യസ്തമായ ആശയമാണ് ഇവിടെ നടപ്പിലാക്കുന്നത്.മഹാകവിയുടെ നിരവധി കവിതകൾക്ക് പശ്ചാത്തലമായിട്ടുള്ളതാണ് തിരൂർ -പൊന്നാനിപ്പുഴ. പുഴയോരത്തിരുന്ന് വളളത്തോൾ കവിതകൾ എഴുതിയിരുന്നതായി പഴമക്കാർ പറയുന്നുണ്ട്.പുഴയുടെ സൗന്ദര്യം ആവോളം  ആസ്വദിക്കാവുന്ന തരത്തിലാണ് സ്മാരകത്തിന്റെ നിർമാണ രീതി.നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. സന്നദ്ധസംഘടനകളുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി പൂർത്തിയാക്കുകായെന്ന് മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് പറഞ്ഞു. ഓപ്പൺ ലൈബ്രറി,ആംഫി തിയേറ്റർ,ഇമേജ് ഗാലറി,കവിതാ സ്തൂപം,ഇരിപ്പിടങ്ങൾ,അലങ്കാര വിളക്കുകൾ, ഹട്ടുകൾ എന്നിവ സ്ഥാപിക്കും.സായാഹ്ന സവാരിക്കുള്ള സൗകര്യമുണ്ടാകും.വയോജനങ്ങൾക്കായുള്ള പദ്ധതിയുമുണ്ടാകും. ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗപ്പെടുത്തി പൊതുശൗചാലയങ്ങൾ നിർമിക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.പുഴയോരത്ത് കണ്ടൽ ചെടികളും അലങ്കാര മുളകളും വെച്ച് പിടിപ്പിക്കും.രണ്ടാം ഘട്ടത്തിൽ പഴയ പെരുന്തിരുത്തി വാടിക്കടവിൽ തോണിയടുപ്പിച്ച ഭാഗത്ത് ബോട്ട് ജെട്ടി നിർമാണം,കുട്ടികൾക്ക് കളിയുപകരണങ്ങൾ സ്ഥാപിക്കൽ എന്നിവയുമുണ്ടാകും.സോളാർ വൈദ്യുതി പദ്ധതി പ്രയോജനപ്പെടുത്താനുള്ള സാധ്യതയും മംഗലം പഞ്ചായത്ത് ഭരണ സമിതി തേടുന്നുണ്ട്. 1878 ഒക്ടോബർ 16 ന് തിരൂരിനടുത്ത് മംഗലം ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിലാണ് മഹാകവി വള്ളത്തോൾ നാരായണ മേനോൻ ജനിച്ചത്.വിവാഹശേഷം ജോലിയാവശ്യാർത്ഥം വന്നേരിയിലും തൃശൂരിലും കുന്ദംകുളത്തും കവി ഏറെക്കാലം ജീവിച്ചിരുന്നു.അവസാന കാലത്ത് കേരള കലാമണ്ഡലത്തിന്റെ നിർമാണത്തിനായി ഷൊർണൂരിനടുത്ത് ചെറുതിരുത്തിയിലേക്ക് താമസം മാറി.