26 April 2024 Friday

ഹൗറ മോഡൽ പാലം വരുന്നത് വരെ ജങ്കാർ സർവ്വീസ് നില നിർത്തണം:കോൺഗ്രസ്

ckmnews



പൊന്നാനി:മുടങ്ങികിടക്കുന്ന പടിഞ്ഞാറെകരയിലെക്ക്ഉള്ള ജങ്കാർ സർവ്വീസ് നിർദ്ദിഷ്ഠ ഹൗറാ മോഡൽ പാലം വരുന്നത് വരെ നിലനിർത്താൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊന്നാനി മണ്ഡലം കോൺഗ്രസ് പ്രതിനിധി സംഘം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിനോട് ആവശ്യപ്പെട്ടു. ചാർജ് വർദ്ധനയുടെയും മറ്റും പേര് പറഞ്ഞ് നഗരസഭ കരാറുകാരുമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്ന് ശാശ്വത പരിഹാരമെന്ന നിലയിൽ കേരള സർക്കാറിനെ കൊണ്ട് ജങ്കാർ സർവ്വീസ് നടത്തുവാനുള്ള നടപടി സ്വീകരിക്കണം.നഗരസഭ മുൻകൈ എടുക്കുന്നില്ലെങ്കിൽ പുറത്തൂർ പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്വന്തമായി ജങ്കാർ സർവ്വീസ് നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.മാസങ്ങളായി ജങ്കാർ യാത്ര നിലച്ചിട്ടും നഗരസഭ ഗൗരവമായി ഇടപെടലുകളോ,പരിഹാരമോ ഇത് വരെ കാണാത്തതിൽ പ്രതിഷേധം ചെയർമാനെ അറിയിച്ചു.മലപ്പുറം ജില്ലയിലെ തീരദേശ പ്രദേശത്തുള്ളവരും നുറുകണക്കിന് വിദ്യാർത്ഥികളും ,ജീവനക്കാരും,മൽസ്യതൊഴിലാളികളും, വിനോദ സഞ്ചാരികളും ഏറ്റവും എളുപ്പമാർഗ്ഗമായും, തീരെ തിരക്കില്ലാത്ത പാതയായും വർഷങ്ങളായി കാണുന്ന ജങ്കാർ സർവ്വീസ്  കേരള ഷിപ്പിംഗ് ഇൻലന്റ് നാവിഗേഷൻ കോർപ്പറേഷനുമായി ബന്ധപ്പെട്ട് കൊണ്ടുവരുവാനുള്ള അടിയന്തര നടപടിക്ക് നഗരസഭ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു. 

ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ.പവിത്രകുമാർ, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി എം.രാമനാഥൻ,വസുന്ധരൻ, ഫജറു പട്ടാണി,കെ.സിദ്ധീക്ക്, രാജ്കുമാർ കുറ്റിക്കാട് എന്നിവർ പങ്കെടുത്തു.