26 April 2024 Friday

പി. നന്ദകുമാർ എംഎൽഎ.യുടെ ഇടപെടൽ ഫലംകണ്ടു:പെരുമ്പടപ്പിൽ കെ.എൽ.ഡി.സി. ഓഫീസ് തുറന്നു

ckmnews

പി. നന്ദകുമാർ എംഎൽഎ.യുടെ ഇടപെടൽ ഫലംകണ്ടു:പെരുമ്പടപ്പിൽ കെ.എൽ.ഡി.സി. ഓഫീസ് തുറന്നു


പെരുമ്പടപ്പ് (മലപ്പുറം - തൃശ്ശൂർ): പൊന്നാനി കോൾ മേഖലയിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും കർഷകർക്ക് വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നതിനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കേരളാ ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ( കെ എൽ ഡി സി) ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സ്ഥിരം ഓഫീസ് പ്രവർത്തനം തുടങ്ങുന്നതുവരെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ  കെ എൽ ഡി സി എൻജിനീയർമാരും മറ്റു ഉദ്യോഗസ്ഥരും പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിൽ ഉണ്ടായിരിക്കും. പൊന്നാനി കോൾ മേഖലയിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി പി. നന്ദകുമാർ എംഎൽഎ നിരന്തരമായി നടത്തിയ ഇടപെടലുകളാണ്  ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത് . സെപ്റ്റംബർ 26 -ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ഇ.ടി. മുഹമ്മദ്‌ ബഷീർ എംപി,  എംഎൽഎമാരായ പി. നന്ദകുമാർ, എൻ.കെ അക്ബർ, മലപ്പുറം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ , തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ , വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കർഷകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തിരുന്നു. കോൾ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക്  വേഗത്തിൽ പരിഹാരം കാണാനുള്ള സർക്കാരിന്റെ നടപടികൾ ഏറെ പ്രതീക്ഷയോടെയാണ്  കർഷകർ കാണുന്നത്.