26 April 2024 Friday

ലഹരിമുക്ത ഗ്രാമത്തിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

ckmnews

ലഹരിമുക്ത ഗ്രാമത്തിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്


എടപ്പാൾ: ലഹരിമുക്ത ഗ്രാമം, ലഹരി മുക്ത വിദ്യാലയം എന്ന ലക്ഷ്യത്തില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ സന്നദ്ധ സേവനത്തിന് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്‍റെ നഷമുക്ത ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്താണ് ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചത്.വട്ടംകുളം, കാലടി, തവനൂര്‍, എടപ്പാള്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളെയും പ്രതിനിധീകരിച്ച് രൂപീകരിക്കുന്ന വളണ്ടിയര്‍മാരില്‍ 64 പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം ലഭിച്ചത്. ലഹരി മുക്ത ചികില്‍സ, ബോധവല്‍ക്കരണം, ലഹരി വിമുക്ത സന്ദേശംവിളംബരം ചെയ്യുന്ന കലാ കായിക പരിപാടികള്‍,സെമിനാറുകള്‍ ,തുടങ്ങീ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  സി  രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്  ആര്‍  ഗായത്രി അധ്യക്ഷത വഹിച്ചു. സൈക്യാട്രിസ്റ്റ് ഡോ. ഹാനി ഹസ്സന്‍, എന്‍ എം ബി എ കോര്‍ഡിനേറ്റര്‍ ബി ഹരികുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ കെ ദിലീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ആർ രാജീവ് എന്നിവർ സംസാരിച്ചു.