27 April 2024 Saturday

കെ.സി മുഹമ്മദിന്റെ ഖബറിടത്തിനു മുന്നിൽ പ്രാർത്ഥനാ നിരതനായി കവി പരത്തുള്ളി രവീന്ദ്രൻ

ckmnews

കെ.സി മുഹമ്മദിന്റെ ഖബറിടത്തിനു മുന്നിൽ പ്രാർത്ഥനാ നിരതനായി കവി പരത്തുള്ളി രവീന്ദ്രൻ


എടപ്പാൾ: അങ്ങാടി സ്വദേശിയായ കല്ലിങ്ങൽ കെ.സി.മുഹമ്മദുപ്പ എന്ന സുഹൃത്തിന്റെ ഖബറിടം സന്ദർശിച്ച്‌ ഗാനരചയിതാവും തിരക്കഥാകൃത്തുമായ  പരത്തുള്ളി രവീന്ദ്രൻ. ഏറെ നാളായി മനസിൽ കൊണ്ട് നടന്ന ആവശ്യവും ആഗ്രഹവുമായിരുന്നു കെ.സി.മുഹമ്മദിൻ്റെ ഖബറിടം സന്ദർശിക്കുക എന്നത്. 78 വയസ് പിന്നിട്ട തൻ്റെ ആഗ്രഹം നീട്ടികൊണ്ട് പോകാൻ സാധിക്കില്ലെന്ന് മനസിലാക്കിയാണ് പള്ളി കമ്മിറ്റി ഭാരവാഹികളുടെ അനുമതിയോടെ കെ.സി.യുടെ ഖബറിടത്തിലെത്തി പ്രാർത്ഥിച്ചത്. തൻ്റെ യവ്വനകാലത്ത് ഒരു ഇലയിൽ നിന്നു പോലും ഭക്ഷണം പങ്കിട്ടു കഴിച്ചിരുന്ന പരതുള്ളി രവീന്ദ്രനും, കെ.സി മുഹമ്മദും ജാതി മത വർണ്ണവർഗ്ഗ ചിന്തകൾക്കതീതമായി സൗഹൃദം മനസിൽ സൂക്ഷിച്ചിരുന്നു.1977ൽ ഇറങ്ങിയ പല്ലവി എന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ച പരതുള്ളി രവീന്ദ്രൻ സിനിമയിൽ സോമൻ അവതരിപ്പിച്ച കഥാപാത്രത്തിന് ജന്മം നൽകാൻ കെ.സിയെയാണ് മാതൃകയാക്കിയത്.ഇന്ന് ലോകത്ത് നടക്കുന്ന ജാതി വർഗ്ഗ രാഷ്ട്രീയ കൊലപാതകങ്ങൾ കാണുമ്പോൾ മനസ് വേദനിക്കുകയാണെന്നും.രക്തത്തിനു വേണ്ടി ദാഹിക്കുന്നവർക്കു വേണ്ടി തൻ്റെ രക്തം നൽകി തൃപ്തിപ്പെടുത്താൻ തയ്യാറാണെന്നും. തന്നെയും കെ .സി യെയും പോലെ സൗഹൃദം മനസിൽ സൂക്ഷിക്കുന്നവർ ഇനിയും സമൂഹത്തിൽ വേണം എന്ന ചിന്തയാണ് താൻ കെ.സി മുഹമ്മദിൻ്റെ ഖബറിടം തേടിയെത്തിയതെന്നും പരതുള്ളി രവീന്ദ്രൻ പറഞ്ഞു.പല്ലവി എന്ന സിനിമയിലെ ദേവീക്ഷേത്രനടയിൽ  ദീപാരാധനാ വേളയിൽ എന്ന ഒറ്റ  ഗാനത്തിലൂടെ  തന്നെ പരതുള്ളി രവീന്ദ്രൻ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഗാന രചയിതാവാണ്. യേശുദാസിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തതും ഈ ഗാനമാണ്. പിന്നീട് പരതുള്ളി രവീന്ദ്രൻ ചുണക്കുട്ടികൾ എന്ന ചിത്രത്തിനു വേണ്ടിയും വരികൾ എഴുതിയിട്ടുണ്ട്. നാടകത്തിലും റേഡിയോയിലും അദ്ദേഹം പ്രവർത്തിച്ചു. നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, കഥാകാരൻ, കവി എന്നീ നിലകളിലും പ്രശസ്തനായെങ്കിലും കെ.സി.മുഹമ്മദുപ്പയുമൊത്തുള്ള സൗഹൃദം അദ്ദേഹം എന്നും മനസിൽ സൂക്ഷിച്ചിരുന്നു.