26 April 2024 Friday

പൊന്നാനിക്ക് വീണ്ടും ആശ്വാസം എടപ്പാളിലെ കോവിഡ് പരിശോധന:680 പേരില്‍ 676 പേരുടെ ഫലവും നഗറ്റീവ്

ckmnews

മലപ്പുറം: എടപ്പാളിലെ രണ്ടു ആശുപത്രികളിലുമായി പരിശോധന നടത്തിയ 680 പേരിൽ 676 പേരുടെ ഫലം നെഗറ്റീവ്. ഒരു വയസുള്ള കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇനി ഫലം വരാനുള്ളത് മൂന്നു പേരുടേതാണ്. അതേസമയം മലപ്പുറത്ത് ക്വാറന്‍റീന്‍ ലംഘിച്ച രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചീക്കോട് കൊവിഡ് ബാധിച്ച യുവാവ് നിരവധി പേരുമായാണ് സമ്പർക്കം പുലര്‍ത്തിയത്. ജൂൺ18-ാം തിയതി ജമ്മുവിൽ നിന്നും വന്ന യുവാവ് ക്വാറന്‍റീന്‍ ലംഘിച്ച് നിരവധി കടകളിൽ കയറി. ഒന്നാം തീയ്യതിയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 23ന് ഇയാള്‍ മൊബൈൽ കടയിൽ കയറുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കട അടയ്ക്കാൻ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. മലപ്പുറത്ത് ഇന്നലെ മാത്രം 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 


കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് വലിയ രീതിയിലുള്ള മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.   വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിര്‍ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യ‍ഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ. 


നഗരപരിധിയിലെ കടകള്‍ ഇന്നു മുതല്‍ രാത്രി എഴുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിര്‍ദേശം. പാളയത്തും,ചാലയിലും ഏര്‍പ്പെടുത്തിയതിനു സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏര്‍പ്പെടുത്തും. ബുധന്‍,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ തിരക്കേറിയ ചന്തകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുളളവരെ അനായാസം കണ്ടെത്താനാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന നഗരവാസികളെല്ലാം ബ്രേക്ക് ദ ചെയിന്‍ ഡയറി കൈയില്‍ സൂക്ഷിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്.


എറണാകുളം ചമ്പക്കര മാർകറ്റിൽ പുലര്‍ച്ചെ കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടന്നതിനെ തുടർന്നാണ് പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാൽ മാർക്കറ്റ് അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി. ഡിസിപി ജി പൂങ്കുഴലിയും എത്തിയിരുന്നു. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു.