09 May 2024 Thursday

കൊറോണ: വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് നിരീക്ഷണം

ckmnews

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചതാണ് ഇക്കാര്യം.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ സംവിധാനം സഹായിക്കും. നിരീക്ഷണത്തില്‍ ഉള്ളവരില്‍ ആരെങ്കിലും പൊതു ഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് കണ്ടത്തിയവരെ ഈ സംവിധാനത്തിലൂടെ നിരീക്ഷക്കാനാകും.ജിയോ മാപ്പിങ്ങിനായി അടൂര്‍ എഞ്ചിനിയറിംഗ് കോളേജ്, പാറ്റൂര്‍ ശ്രീ ബുദ്ധാ എഞ്ചിനിയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് എന്നിവയിലെ വിദ്യാര്‍ഥികളാണ് ഈ സംവിധാനം ഏകോപിപ്പിക്കുന്നത്. രണ്ടു ടീമുകളിലായി 60 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ കഴിയുന്ന 900 പേരെ നിരീക്ഷിക്കുകയും അവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്.വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നിരീക്ഷിച്ച് അവര്‍ പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ അവരെ ഫോണില്‍ ബന്ധപ്പെടുകയും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്.