26 April 2024 Friday

കോലളമ്പില്‍ തലക്കടിയേറ്റ് മധ്യവയസ്കന്‍ മരിച്ച സംഭവം:ഒന്നാം പ്രതി പിടിയില്‍

ckmnews


ചങ്ങരംകുളം:സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിക്കുന്നതിനിടെ കോലളമ്പ് സ്വദേശിയായ ഗോപാലകൃഷ്ണന്‍(58)തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍.കോലളമ്പ് പുലിക്കാട് മാടമ്പി വളപ്പില്‍ ഇല്ല്യാസ്(44)നെയാണ് അന്യേഷണ സംഘം പിടികൂടിയത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത് .വീടിന് സമീപത്ത് താമസിക്കുന്ന സുഹൃത്ത് റഫീക്കുമൊത്ത് സ്ഥിരമായി മദ്യപിക്കാറുള്ള ഗോപാലകൃഷ്ണന്‍ റഫീക്കിന്റെ വീട്ടിലേക്ക് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മദ്യപിക്കാനെത്തിയത് തുടര്‍ന്ന് വൈകുന്നേരത്തോടെ റഫീക്കിന്റെ സഹോദരന്‍ ഇല്ല്യാസുമായി ഉടലെടുത്ത തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.തലക്കടിയേറ്റ് നിലത്ത് വീണ ഗോപാലകൃഷ്ണന്‍ ഏറെ നേരം കഴിഞ്ഞും എഴുന്നേല്‍ക്കാതെ വന്നതോടെ റഫീക്ക് തന്നെയാണ് ഗോപാലകൃഷ്ണന്റെ വീട്ടുകാരെ വിവരം അറിയിച്ചത്.തുടര്‍ന്ന് വ്യാഴാഴ്ച രാത്രി തന്നെ ഗോപാലകൃഷ്ണനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.സംഭവത്തില്‍ ഗോപാലകൃഷ്ണന്റെ വീട്ടുകാരുടെ പരാതി പ്രകാരം വ്യാഴാഴ്ച തന്നെ റഫീക്കിനും ഇല്ല്യാസിനും എതിരെ ചങ്ങരംകുളം പോലീസ് കേസെടുക്കുകയും ചങ്ങരംകുളം എസ്ഐ ഹരിഹര സൂനുവിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഗോപാലകൃഷ്ണന്‍ ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ ഇല്ല്യാസിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരൂര്‍ ഡിവൈഎസ്പി യുടെ കീഴിലുള്ള പ്രത്യേക അന്യേഷണ സംഘവും സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള ചങ്ങരംകുളം പോലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.രണ്ടാം പ്രതി റഫീക്കിന് വേണ്ടിയുള്ള അന്യേഷണം തുടരുന്നതായി അന്യേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.പിടിയിലായ പ്രതിയെ കോവിഡ് ടെസ്റ്റുകള്‍ക്ക് ശേഷം നാളെ കോടതിയിൽ  ഹാജരാക്കും