26 April 2024 Friday

കുണ്ടുകടവ് പാലം പുനർനിർമാണത്തിന് 29.30 കോടി രൂപയുടെ ഭരണാനുമതി

ckmnews

കുണ്ടുകടവ് പാലം പുനർനിർമാണത്തിന്

29.30 കോടി രൂപയുടെ ഭരണാനുമതി


പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പൊന്നാനി-ആൽത്തറ-ഗുരുവായൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്ന കുണ്ടുകടവ് പാലം പുതുക്കി പണിയുന്നതിന് 29.30 കോടി രൂപയുടെ ഭരണാനുമതിയായി.മലപ്പുറം-തൃശൂർ ജില്ലകളിലെ പ്രധാന നഗരങ്ങളുമായി പൊന്നാനി നിയോജക മണ്ഡലത്തെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഈ പാതയിലൂടെയാണ് കുണ്ടുകടവ് പാലം കടന്നു പോകുന്നത്.60 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കുണ്ടുകടവ് പാലം ബലക്ഷയം നേരിടുന്നുവെന്ന പൊതുമരാമത്ത് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാനുള്ള നടപടികൾ ആരംഭിച്ചത്.കുണ്ടുകടവ് പാലത്തിന്റെ

പ്രീകാസ്റ്റഡ് പൈലുകൾ പിയറുകൾ ബീമുകൾ സ്ളാബുകൾ തുടങ്ങിയവയുടെയെല്ലാം കോൺക്രീറ്റ് അടർന്നു വീഴുകയും കമ്പികൾ ദ്രവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്.പൊതുമരാമത്ത് വകുപ്പ് പഠനം നടത്തി തയ്യാറാക്കിയ ബ്രിഡ്ജ് കണ്ടീഷൻ ഇൻഡക്സ് പ്രകാരം കുണ്ടുകടവ് പാലത്തിന്റെ പുനർനിർമാണം വളരെ അടിയന്തിരമായി ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് സർക്കാറിന് നൽകിയിരുന്നു.29.30 കോടി രൂപ ചെലവിൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നബാർഡ് സഹായത്തോടെയാണ് കുണ്ടുകടവ് പാലം പുതുക്കി പണിയുന്നത് .മൊത്തം എസ്റ്റിമേറ്റ് തുകയുടെ 80% നബാർഡും 20 % സംസ്ഥാന സർക്കാറും ആണ് കുണ്ടുകടവ് പാലത്തിന്റെ പുനർനിർമാണത്തിനായി വഹിക്കുന്നത് .2021 ജൂലായ് 16 ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊന്നാനി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന യോഗത്തിന് എത്തിയപ്പോൾ കുണ്ടുകടവ് പാലം പുനർനിർമിക്കുന്നതിന്റെ ആവശ്യകതയെ പറ്റി മന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു.ഇതിനെ തുടർന്ന് പി.ഡബ്ലി.യു ബ്രിഡ്ജസ് വിഭാഗത്തിൽ നിന്ന് മന്ത്രി തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.2021 ഒക്ടോബർ 13 ന് നിയമസഭയിൽ ഈ വിഷയത്തിൽ  സബ്മിഷൻ അവതരിപ്പിച്ചതോടെ കുണ്ടുകടവ് പാലം പുനർനിർമാണം നടത്താനുള്ള നടപടികൾ കൂടുതൽ ദ്രുതഗതിയിലാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.ഇതിന്റെ ഭാഗമായി  മലപ്പുറം ജില്ലയിലെ നബാർഡ് പദ്ധതികളുടെ ജില്ലാ മാനേജർ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം  കുണ്ടുകടവ് പാലം നേരിട്ട് സന്ദർശിച്ചിരുന്നു.പുഴയുടെ നടുഭാഗത്ത് 45 മീറ്റർ നീളത്തിലുള്ള ഒരു സ്പാനും  പാലത്തിന്റെ ഒരു ഭാഗത്ത്

26 മീറ്റർ നീളത്തിലുള്ള മൂന്ന് സ്പാനും മറുഭാഗത്ത് 26 മീറ്റർ നീളത്തിലുള്ള നാല് സ്പാനും ഉൾപ്പെടെ 227 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കാൻ വിഭാവനം ചെയ്തിട്ടുള്ളത് . 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശവുമായി 1.50 മീറ്റർ വീതിയിലുള്ള നടപ്പാതയും 0.25 മീറ്റർ കൈവരിയും ഉൾപ്പെടെ പാലത്തിന്റെ മൊത്തം വീതി 11 മീറ്ററാണ്.കുണ്ടുകടവ് പാലം പുനരനിർമിക്കേണ്ടതിന്റെ പ്രാധാന്യം കൃത്യമായി നബാർഡ് സംഘത്തിന് ബോധ്യപ്പെട്ടത്തോടെ ഭരണാനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങൾ വളരെ വേഗത്തിലാണ് പൂർത്തീകരിച്ചത് .സാങ്കേതിക അനുമതി ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് കുണ്ടുകടവ് പാലത്തിന്റെ പുനർനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്ന് പി നന്ദകുമാർ എം.എൽ.എ പ്രത്യാശ പ്രകടിപ്പിച്ചു .