26 April 2024 Friday

റെക്കോർഡ് സൃഷ്ടിച്ച് പുതുവർഷത്തെ വരവേൽക്കാൻ അബുദാബി

ckmnews

റെക്കോർഡ് സൃഷ്ടിച്ച് പുതുവർഷത്തെ വരവേൽക്കാൻ അബുദാബി


അബുദാബി∙ ലോക റെക്കോർഡ് സൃഷ്ടിച്ച് പുതുവർഷ പുലരിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് അബുദാബി. അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നഗരിയിൽ 40 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടിലൂടെയാണു 2022ലെ ആദ്യ ലോക റെക്കോർഡ് അബുദാബി സ്വന്തമാക്കുക.


ഗായകരായ ഈദ അൽ മെൻഹാലി, അലി സാബിർ എന്നിവരുടെ സംഗീത കച്ചേരിയും പുതുവർഷ പുലരിയെ സംഗീതസാന്ദ്രമാക്കുമെന്നു സംഘാടക സമിതി അറിയിച്ചു. കഴിഞ്ഞ വർഷത്തെ പുതുവർഷപ്പുലരിയിൽ അബുദാബി സൃഷ്ടിച്ച 35 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടിന്റെ റെക്കോർഡാണ് ഇതോടെ മറികടക്കുക. 2022ന് സ്വാഗതം എന്ന് ആകാശത്ത് എഴുതി കാണിക്കുന്ന ഡ്രോൺ ഷോ ആയിരിക്കും മറ്റൊരു ആകർഷണം.


ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായൊരു ഡ്രോൺ ഷോ ആയിരിക്കും ഇതെന്നും ഉത്സവകേന്ദ്രം അറിയിച്ചു. കൂടാതെ എല്ലാ വിഭാഗം ആളുകൾക്കും ആസ്വദിക്കാവുന്ന ലെയ്സർ ഷോ ഉൾപ്പെടെ ഒട്ടേറെ കലാസാംസ്കാരിക പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. പുതുവർഷത്തിൽ ഒട്ടേറെ പുതുമകളും ഉത്സവ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. യുഎഇ, ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളുടെ സംസ്കാരം, പൈതൃകം, തനതു കലാപരിപാടികൾ, വസ്ത്രധാരണം, ഭക്ഷണം എന്നിവ അടുത്തറിയാം.


ഓരോ രാജ്യങ്ങളുടെയും തനത് ഉൽപന്നങ്ങളും വാങ്ങാം. ശൈത്യകാലത്ത് അബുദാബിയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷങ്ങളിലൊന്നാണു ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. യുഎഇ സുവർണ ജൂബിലിയോടനുബന്ധിച്ച് രാജ്യത്തിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രദർശനവുമുണ്ട്. ഉത്സവം ഏപ്രിൽ ഒന്നു വരെ നീണ്ടുനിൽക്കും