26 April 2024 Friday

നിർമാണം തുടങ്ങി 6 വർഷം ചിലവിട്ടത് 88 ലക്ഷം രൂപ:വട്ടംകുളം പഞ്ചായത്തിലെ ഓഡിറ്റോറിയം പാതി വഴിയിൽ

ckmnews

നിർമാണം തുടങ്ങി 6 വർഷം ചിലവിട്ടത് 88 ലക്ഷം രൂപ:വട്ടംകുളം പഞ്ചായത്തിലെ ഓഡിറ്റോറിയം പാതി വഴിയിൽ


എടപ്പാൾ:മലപ്പുറം വട്ടംകുളം പഞ്ചായത്തിലെ ഓഡിറ്റോറിയം നിർമാണം തുടങ്ങിയിട്ട് 6 വർഷം തികയുകയാണ് കാട് മൂടി കിടക്കുന്ന പദ്ധതിക്ക് ചിലവിട്ടതാവട്ടെ 88 ലക്ഷം രൂപയും.വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ഓഡിറ്റോറിയം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ആറ് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണ പ്രവൃത്തികള്‍ എങ്ങുമെത്താതെ നിലച്ചതിന് പിന്നിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന ആരോപണം ശക്തമാണ്.2015ലാണ് വട്ടംകുളം പഞ്ചായത്തിന് കീഴില്‍ ഓഡിറ്റോറിയം നിര്‍മാണം ആരംഭിച്ചത്. രണ്ട് കോടി 30 ലക്ഷം രൂപയാണ് പദ്ധതിക്കായി ആവശ്യം. രണ്ട് കോടി രൂപ ലോണെടുത്തും 30 ലക്ഷം പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഫോഡ് കമ്പനിക്ക് കരാര്‍ നല്‍കുകയും പണി ആരംഭിക്കുകയും ചെയ്തു.88 ലക്ഷം തീർന്നതോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പണിയും നിലച്ചു. ഇപ്പോള്‍ ഇവിടം കാട് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണ സമതിക്ക് കീഴിലായിരുന്നു പണി തുടങ്ങിയത്.സാധാരണക്കാര്‍ക്ക് വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ഓഡിറ്റോറിയം ലഭ്യമാക്കുക,പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.എന്നാൽ 88 ലക്ഷം രൂപ ചിലവാക്കിയിട്ടും 30 ശതമാനം നിര്‍മാണ പ്രവര്‍ത്തനം പോലും നടന്നില്ലെന്നാണ് ആരോപണം. വീണ്ടും പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി.എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പദ്ധതി ആരംഭിക്കാനാണ് നീക്കം.